ചികിത്സയില്‍ 194 പേര്‍, നിരീക്ഷണത്തില്‍ 116941, കേരളത്തിന്‍റെ ഇനിയുള്ള കൊവിഡ് പോരാട്ടം ഇങ്ങനെ; സമഗ്ര ചിത്രം

By Web TeamFirst Published Apr 12, 2020, 7:35 PM IST
Highlights

നിലവിൽ 194 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. കൂടാതെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. 

തിരുവനന്തപുരം: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് ഏറ്റവും ആശ്വാസം നൽകുന്ന ദിവസമായിരുന്നു ഇന്ന്. കണ്ണൂര്‍, പത്തനംതിട്ട എന്നീ ജില്ലകളിലെ രണ്ട്  പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്. 

വൈറസ് വ്യാപനം ഏറ്റവും കൂടുതൽ ബാധിച്ച കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഒരാഴ്ചക്കിടെ രോഗം ബാധിച്ചവരേക്കാൾ ഇരട്ടി ആളുകൾ രോഗമുക്തരായി. 24 മണിക്കൂറിനിടെ 6549 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കാനും സംസ്ഥാനത്തിന് സാധിച്ചു. 

ഇതുവരെ 375 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ 179 പേര്‍ക്കാണ് രോഗം ഭോദമായത്. രണ്ട് കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് നടന്നു. നിലവിൽ 194 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. കൂടാതെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണ്.


ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നവരുടെ കണക്കുകൾ


തിരുവനന്തപുരം - 2

കൊല്ലം - 7

പത്തനംതിട്ട - 9

ആലപ്പുഴ - 3

എറണാകുളം - 7

തൃശ്ശൂർ - 5

പാലക്കാട് - 3

മലപ്പുറം - 10

കോഴിക്കോട് - 8

വയനാട് - 1

കണ്ണൂർ - 42

കാസര്‍കോട് - 97

അതേസമയം, ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങളിൽ തീരുമാനം ചര്‍ച്ച ചെയ്യാൻ നാളെ മന്ത്രിസഭാ യോഗം ചേരും. കേന്ദ്ര തീരുമാനം പ്രഖ്യാപിച്ച ശേഷം ഇളവുകൾ വേണമെങ്കിൽ അത് എങ്ങനെ നടപ്പാക്കണമെന്ന് ആലോചിക്കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. വൈറസ് വ്യാപനത്തിന്റെ കാര്യത്തിൽ കേരളത്തിന് ആശ്വസിക്കാമെങ്കിലും നിയന്ത്രണങ്ങളിൽ പെട്ടെന്നൊരു ഇളവിന് സാധ്യതയില്ലെന്നാണ് സൂചന. 

click me!