
തിരുവനന്തപുരം: രാജ്‍ഭവന് മുന്നിലൂടെ കാറില്‍ പോയ എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന് സല്യൂട്ട് ചെയ്യാതിരുന്ന 20 ഓളം പൊലീസുകാർക്കെതിരെ നടപടി. ഇന്നലെ രാവിലെയാണ് നടപടിക്ക് ആസ്പദമായ സംഭവം. എന്നാല്‍ രാജ് ഭവൻ ഡ്യൂട്ടിക്കിടെ തലയിൽ തൊപ്പി ഇല്ലാതിരുന്നതും, ഉന്നത ഉദ്യോഗസ്ഥരെ ബഹുമാനിക്കാനിക്കാതിരുന്നതുമാണ് നടപടിക്ക് കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
രാജ്‍ഭവന് മുന്നില്‍ സമരക്കാരെ തടയാൻ നിയോഗിച്ചിരുന്ന പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസുകാർക്കാണ് മലപ്പുറം പാണ്ടിക്കാട്ട് ശിക്ഷാ പരിശീലനത്തിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. 7 ദിവസത്തേക്കാണ് ശിക്ഷാനടപടി. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്നലെ രാവിലെ പത്ത് മണിയോടെ രാജ്‍ഭവന് മുന്‍പിലൂടെ കടന്ന് പോയപ്പോള്‍ എസ്എപി ക്യാംപിലെ പൊലീസുകാര്‍ സല്യൂട്ട് ചെയ്തില്ലെന്നാണ് പരാതി.
രാജ്‍ഭവന് മുന്നിലെ ഡ്യൂട്ടി കഴിഞ്ഞ ഉടന്‍ തന്നെ ഇരുപത് പേരോടും ഹാജരാകാന്‍ ബറ്റാലിയൻ ഡിഐജി പി പ്രകാശ് നിര്‍ദേശം നല്‍കുകയായിരുന്നു. മേലുദ്യോഗസ്ഥരെ ബഹുമാനിച്ചില്ലെന്ന കാരണത്താല്‍ പൊലീസുകാര്‍ രൂക്ഷമായി ശാസിച്ച ശേഷം ശിക്ഷാപരേഡിന് നിര്‍ദേശിക്കുകയായിരുന്നു.
ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ പൊലീസുകാരെയാണ് ശിക്ഷാ പരേഡിന് അയച്ചിരിക്കുന്നത്. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് വിശ്രമം പോലം ലഭിക്കാതെയായിരുന്നു ഇവര്‍ രാജ്ഭവന്‍ ഡ്യൂട്ടിക്ക് എത്തിയത്. എന്നാല്‍ ഔദ്യോഗിക വാഹനങ്ങളില്‍ മിക്കതിനും കൂളിങ് ഫിലിം ഒട്ടിച്ചിട്ടുള്ളതിനാല്‍ അകത്ത് ആരാണ് ഉള്ളതെന്ന് പലപ്പോഴും മനസ്സിലാവാറില്ലെന്നും പരാതി ഉയരുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam