യുവാക്കള്‍ക്ക് പ്രതീക്ഷയേകുമോ വര്‍ക്ക് സ്റ്റേഷനുകള്‍? ധനമന്ത്രിയുടെ 20 കോടിയും മാറുന്ന തൊഴിലിടങ്ങളും

By Web TeamFirst Published Jan 15, 2021, 7:35 PM IST
Highlights

കൊവിഡിന് ശേഷവും 25 മുതല്‍ 30 ശതമാനം വരെ ജീവനക്കാരെ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്ന സംവിധാനത്തില്‍ തുടരാന്‍ കമ്പനികള്‍ അനുവദിച്ചേക്കുമെന്നാണ് എച്ച്ആര്‍ മാനേജ്‌മെന്റ് രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
 

കൊവിഡ് തൊഴില്‍ രംഗത്ത് വരുത്തിയ നയപരമായ മാറ്റങ്ങള്‍ ചെറുതല്ല. വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് വന്നതും കുറേക്കൂടി സൗകര്യപ്രദമായി വീടിനടുത്ത് വര്‍ക് സ്റ്റേഷനുകള്‍ എന്ന സൗകര്യം വന്നതും വലിയ മാറ്റമാണ്. ഇതുമൂലമാണ് കൊവിഡ് മഹാമാരി കാലത്ത് കേരളത്തില്‍ ഐടി, ഡിജിറ്റല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ പിരിച്ചുവിടുന്നത് ഒരു പരിധി വരെ കുറച്ചത്.

മികച്ച വിദ്യാഭ്യാസവും ജോലിയും നേടിയ ശേഷവും വിവാഹവും പ്രസവവും തുടര്‍ന്ന് കരിയര്‍ പാതിയില്‍ അവസാനിപ്പിച്ച് വീട്ടിനകത്ത് ഇരിക്കുന്ന പ്രൊഫഷണലുകളുടെ എണ്ണം കേരളത്തില്‍ അഞ്ച് ലക്ഷത്തോളം വരുമെന്നാണ് കണക്ക്. വീട്ടിലോ സമീപത്തോ ഇരുന്ന് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന, സന്നദ്ധരായ 40 ലക്ഷം പേര്‍ വേറെയുമുണ്ട്. 16 ലക്ഷം യുവതീ യുവാക്കള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നു. ഇങ്ങിനെയുള്ള 20 ലക്ഷം പേര്‍ക്കെങ്കിലും വരുന്ന അഞ്ച് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ജോലി നേടിക്കൊടുക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു.

കൊവിഡ് കാലത്ത് കേരളത്തില്‍ മികച്ച പ്രതികരണം നേടിയതും പരീക്ഷിച്ച് വിജയിച്ചതുമായ പദ്ധതിയാണ് വര്‍ക് നിയര്‍ സ്‌കീം. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ബ്ലോക്ക്, മുനിസിപ്പല്‍ തലത്തില്‍ അയ്യായിരം സ്‌ക്വയര്‍ ഫീറ്റ് എങ്കിലും കെട്ടിടം ഏര്‍പ്പാടാക്കി, അവ വര്‍ക്ക് സ്റ്റേഷനുകളാക്കി രൂപാന്തരപ്പെടുത്താനുള്ള പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതിന് 20 കോടി രൂപയാണ് മന്ത്രി വകയിരുത്തിയത്. ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ നിലവില്‍ മറ്റ് വര്‍ക് നിയര്‍ ഹോമിലും വര്‍ക് ഫ്രം ഹോമിലും ജോലി ചെയ്യുന്നവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാനാവും.

യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി കമ്പനികള്‍ക്ക് ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിന് കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ സൗകര്യവും ഒരുക്കും. സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി ലഭ്യമാക്കും. ഈ പ്ലാറ്റ്‌ഫോമില്‍ നിന്ന് കമ്പനികള്‍ക്ക് അനുയോജ്യരായവരെ ജോലിക്കെടുക്കാമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വര്‍ക്ക് സ്റ്റേഷനുകളില്‍ ജോലിക്കാവശ്യമായ കമ്പ്യട്ടറും മറ്റും വാങ്ങാന്‍ കെഎസ്എഫ്ഇ, കേരള ബാങ്ക് തുടങ്ങിയവ വഴി വായ്പ നല്‍കും. വര്‍ക്ക് സ്റ്റേഷന്‍ സൗകര്യം ആവശ്യമെങ്കില്‍ സഹായ വാടകയ്ക്ക് നല്‍കും. പിഎഫിലെ തൊഴിലുടമയുടെ വിഹിതം സര്‍ക്കാര്‍ അടയ്ക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കും തുടങ്ങിയ യുവതി-യുവാക്കള്‍ക്ക് സന്തോഷം നല്‍കുന്ന വേറെയും പ്രഖ്യാപനങ്ങളുണ്ട്.

കൊവിഡിന് ശേഷവും 25 മുതല്‍ 30 ശതമാനം വരെ ജീവനക്കാരെ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്ന സംവിധാനത്തില്‍ തുടരാന്‍ കമ്പനികള്‍ അനുവദിച്ചേക്കുമെന്നാണ് എച്ച്ആര്‍ മാനേജ്‌മെന്റ് രംഗത്തെ വിദഗ്ധര്‍ പറയുന്നത്. വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ പ്രവര്‍ത്തിച്ച മിക്ക കമ്പനികള്‍ക്കും 85 ശതമാനം വരെ ഉല്‍പ്പാദനക്ഷമത കൈവരിക്കാനായി എന്നാണ് കണക്കാക്കുന്നത്. ഇതാണ് കമ്പനികളെ തൊഴില്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന തീരുമാനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന ഘടകം.

മഹാമാരിയുടെ പശ്ചാത്തലത്തില്‍ വീട്ടിലിരുന്നു ജോലി ചെയ്യുന്ന ഐടി മേഖലയിലുള്ളവര്‍ക്ക് ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്ത് ഇന്റര്‍നെറ്റ് കണക്ഷന്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. മനുഷ്യശേഷി സമാഹരിക്കുന്നതിനായി വര്‍ക്ക് ഷെയറിംഗ് ബെഞ്ചുകള്‍ കമ്പനികള്‍ക്ക് രൂപീകരിക്കാമെന്ന് സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിക്കുകയും ചെയ്തിരുന്നു. വര്‍ക്ക് ഷെയറിംഗ് ബെഞ്ചുകള്‍, വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം, കോ-വര്‍ക്കിംഗ് സ്‌പേസസുകള്‍ എന്നിവ കമ്പനികളെ സംബന്ധിച്ച് തങ്ങളുടെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാന്‍ സഹായകരമായ എച്ച് ആര്‍ മോഡലുകളാണ്.

സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലെ വര്‍ദ്ധനയും ബഹിരാകാശ സാങ്കേതിക വിദ്യ, റോബോട്ടിക്‌സ്, നിര്‍മ്മിത ബുദ്ധി, ഡേറ്റ അനലിറ്റിക്‌സ് തുടങ്ങിയ നൂതന മേഖലകളും കോ-വര്‍ക്കിങ് സ്‌പേസുകളുടെ ആവശ്യം ഗണ്യമായി ഉയര്‍ത്തും. കേരള ഫൈബര്‍ ഒപ്റ്റിക് ശൃംഖലയായ കെ-ഫോണ്‍ കമ്മീഷന്‍ ചെയ്യുന്നതിലൂടെ സംസ്ഥാന ഐടി മേഖലയ്ക്ക് കൂടുതല്‍ ഉത്തേജനം ലഭിക്കും. ഇത് കേരളത്തെ സംബന്ധിച്ച് സേവന മേഖലയില്‍ ?ഗുണപരമായ മുന്നേറ്റത്തിന് സഹായകരമായിരിക്കും.
 

click me!