വീട്ടില്‍ നിന്നും മുന്നൂറ് മീറ്ററോളം അകലെയുള്ള കടയില്‍ ചായ കുടുക്കാന്‍ പോകുന്ന വഴിയാണ് അപ്രതീക്ഷിതമായി കാട്ടാന ആക്രമണുണ്ടായത്. തോട്ടം തൊഴിലാളിയായ ഗിരീഷിനെ കാട്ടാന ഓടിക്കുന്നതിനിടെയാണ് കാട്ടാന സുബ്രന്റെ നേരെ തിരിഞ്ഞത്

തൃശൂർ: കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണ അന്ത്യം. പീലാര്‍മുഴി തെക്കൂടന്‍ വീട്ടില്‍ സുബ്രന്‍(75)ആണ് മരിച്ചത്. ചായ്പന്‍കുഴി പീലാര്‍മുഴിയില്‍ തിങ്കള്‍ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്നും മുന്നൂറ് മീറ്ററോളം അകലെയുള്ള കടയില്‍ ചായ കുടുക്കാന്‍ പോകുന്ന വഴിയാണ് അപ്രതീക്ഷിതമായി കാട്ടാന ആക്രമണുണ്ടായത്. തോട്ടം തൊഴിലാളിയായ ഗിരീഷിനെ കാട്ടാന ഓടിക്കുന്നതിനിടെയാണ് കാട്ടാന സുബ്രന്റെ നേരെ തിരിഞ്ഞത്. ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണ സുബ്രന്റെ ദേഹത്ത് ആന ചവിട്ടുകയും മറിച്ചിടുകയും ചെയ്തു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് റോഡില്‍ കിടന്ന സുബ്രനെ ഫോറസ്റ്റ് വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്. യാത്രാമദ്ധ്യേ മരണം സംഭവിക്കുകയും ചെയ്തു. താലൂക്ക് ആശുപത്രിയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം നടത്തി. നിരവധി പേര്‍ ആശുപത്രി പരിസരത്ത് തടിച്ചുകൂടി. പോലീസെത്തിയാണ് നിയന്ത്രണവിധേയമാക്കിയത്. ശാരദയാണ് മരിച്ച സുബ്രന്റെ ഭാര്യ. മക്കള്‍: ജിനീഷ്, ജിഷ. മരുമക്കള്‍: രേവതി, സുരേഷ്. 

ഫോറസ്റ്റ് ഓഫീസ് നാട്ടുകാര്‍ അടിച്ചുതകര്‍ത്തു

കാട്ടാന ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ചായ്പന്‍കുഴി ഫോറസ്റ്റ് ഓഫീസ് നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. ഓഫീസിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചവരെ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഉദ്യോഗസ്ഥരെ തള്ളിമാറ്റി അകത്തുകടന്ന ഇവര്‍ മേശകളും കസേരകളും അടിച്ചൊടിച്ചു. ഫയലുകളെല്ലാം വലിച്ചെറിഞ്ഞു. ടി വിയും കമ്പൂട്ടറുകളടക്കമുള്ളവ അടിച്ചുതകര്‍ത്തു. ജനല്‍ ചില്ലുകളെല്ലാം തകര്‍ത്തിട്ടുണ്ട്. ജീവനക്കാര്‍ക്ക് നേരേയും കയ്യേറ്റമുണ്ടായി. അരമണിക്കൂറോളം ഭീകാരന്തരീക്ഷം സൃഷ്ടിച്ച ഇവര്‍ പോലീസെത്തിയതോടെയാണ് ശാന്തരായത്. പ്രദേശത്ത് കുറേ നാളുകളായി കാട്ടാന ആക്രമണം രൂക്ഷമാണ്. കൃഷി നശിപ്പിക്കുന്നത് പതിവായി മാറി. ഇതിന് പുറമെയാണ് കാട്ടാന ആക്രമണവുമുണ്ടാകുന്നത്. പലരും തലനാരിഴക്കാണ് ആനകളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്നത്. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ നല്കിയിട്ടും വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് സംരക്ഷണമൊരുക്കുന്നതടക്കമുള്ള നടപടികളുണ്ടാകുന്നില്ലെന്നാണ് പരാതി. ഇതിനിടെയാണ് അപ്രതീക്ഷിതമായി തിങ്കള്‍ രാവിലെ പ്രദേശവാസിയായ വയോധികന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ പ്രതിഷധിച്ച് നാട്ടുകാര്‍ ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധം നടത്തിയത്. 

ഉച്ചയായിട്ടും സമരക്കാര്‍ പിരിഞ്ഞുപോതാതിരുന്ന സാഹചര്യത്തില്‍ ആര്‍ഡിഒ ഷിബു സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം കൈമാറി. ആശ്രിതര്‍ക്ക് താത്കാലിക ജോലി നല്കാമെന്ന ഉറപ്പും ബന്ധപ്പെട്ടവര്‍ നല്കിയതിനെ തുടര്‍ന്നാണ് സമരക്കാര്‍ പിരിഞ്ഞ് പോയത്. ബെന്നി ബെഹനാന്‍ എം പി, സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ എന്നിവരും സ്ഥലത്തെത്തിയിരുന്നു.