
തിരുവനന്തപുരം: കേരള പോലീസിന്റെ കണക്കനുസരിച്ച് 2025 ഒക്ടോബർ വരെ 283 കൊലപാതകങ്ങളാണ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2024-ൽ ഇത് 335 ആയിരുന്നു. പ്രതിവർഷം ശരാശരി 300-ൽപ്പരം കൊലപാതകങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഈ വർഷവും കണക്കുകൾ തമ്മിൽ വലിയ അന്തരം ഉണ്ടായിട്ടില്ല. എന്നാൽ കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന 'ഫാമിലി സൈഡ്' കൊലപാതകങ്ങൾ ഈ വർഷം 80-ൽ അധികം റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാലിത് പൂർണമായ കണക്കല്ല. കേരളത്തിൽ വർഷംതോറും ശരാശരി 300 മുതൽ 350 വരെ കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. ഇതിൽ ഏകദേശം 25% മുതൽ 35% വരെ കേസുകൾ കുടുംബാംഗങ്ങളോ ഉറ്റബന്ധുക്കളോ പ്രതികളായവയാണ്. അച്ഛനെയോ അമ്മയെയോ മക്കൾ കൊലപ്പെടുത്തിയ സംഭവങ്ങളിലെല്ലാം ലഹരിയുടെ സ്വാധീനം വലിയ തോതിൽ ഉണ്ടായിരുന്നു. വസ്തു തർക്കങ്ങളുടെ പേരിലുള്ള കൊലപാതകങ്ങൾക്ക് പുറമെ, ദാമ്പത്യ ബന്ധത്തിലെ തർക്കങ്ങളും പ്രണയബന്ധം വേർപിരിയുന്നതും കൊലപാതകങ്ങളിൽ കലാശിക്കുന്നത് 2025 ലും പലയിടത്തായി ആവർത്തിക്കപ്പെട്ടു.
പാലക്കാട് നെന്മാറയിൽ പരോളിലിറങ്ങിയ ചെന്താമര എന്ന പ്രതി അയൽവാസിയായ 55-കാരനെയും അദ്ദേഹത്തിന്റെ അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത് 2025 ൽ കേരളത്തെയാകെ ഞെട്ടിച്ച ഇരട്ടക്കൊലപാതകമായിരുന്നു. തൻ്റെ കുടുംബജീവിതം തകർത്തതിനുള്ള പ്രതികാരമെന്നാണ് ഇതേക്കുറിച്ച് ചെന്താമര പൊലീസിന് നൽകിയ മൊഴി. എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഉഷ (62), മകൾ വിനീഷ (32) എന്നിവരെ അയൽവാസിയായ ഋതു വെട്ടിക്കൊലപ്പെടുത്തിയ സംഭവം ജനുവരിയിലായിരുന്നു. തന്നെ അപകീർത്തിപ്പെടുത്തിയതാണ് കൊലപാതകത്തിന് കാരണമായി ഋതു മൊഴി നൽകിയത്.
ഫെബ്രുവരിയിൽ തിരുവനന്തപുരത്തെ വെഞ്ഞാറമൂടിൽ നടന്ന കൊലപാതകത്തിന് പിന്നിൽ ലഹരിയുടെ അടയാളങ്ങൾ ആഴത്തിൽ പതിഞ്ഞിരുന്നു. 23-കാരനായ അഫാനാണ് തൻ്റെ പെൺസുഹൃത്ത് ഫർസാന, തൻ്റെ സഹോദരൻ അഫ്‌സാൻ, മുത്തശ്ശി സൽമ ബീവി, അമ്മാവൻ ലത്തീഫ്, ലത്തീഫിൻ്റെ ഭാര്യ ഷാഹിദ എന്നിവരെ വധിച്ചത്. കോഴിക്കോട് താമരശ്ശേരിയിൽ ഉമ്മ സുബൈദയെ കൊലപ്പെടുത്തിയ 25കാരൻ ആഷിഖും ലഹരിക്ക് അടിമയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന സുബൈദയെയാണ് ആഷിഖ് മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
താമരശേരി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയായിരുന്ന മുഹമ്മദ് ഷഹബാസിനെ താമരശേരി ജിവിഎച്ച്എസ്എസിലെ വിദ്യാർഥികളായ ആറ് പേർ ചേർന്നാണ് മർദിച്ച് കൊലപ്പെടുത്തിയത്. വർഷാവസാനത്തിലേക്ക് എത്തുമ്പോൾ പയ്യന്നൂർ രാമന്തളിയിലെ കൂട്ട ആത്മഹത്യയാണ് വാർത്തകളിൽ നിറഞ്ഞ മറ്റൊരു കൊലപാതക വാർത്ത. രാമന്തളി സെൻ്റർ വടക്കുമ്പാട് റോഡിന് സമീപം കോയിത്തട്ട താഴത്തെ വീട്ടിൽ ഉഷ, മകൻ കലാധരൻ, കലാധരൻ്റെ മക്കളായ ഹിമ, കണ്ണൻ എന്നിവരുമാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തിയ ശേഷം ഉഷയും കലാധരനും തൂങ്ങിമരിച്ചെന്നാണ് പ്രാഥമിക നിഗമനം. കലാധരനും ഭാര്യ നയൻതാരയുമായുള്ള തർക്കങ്ങളെ തുടർന്ന് മക്കളായ 2 പേരെയും നയൻതാരയ്ക്ക് ഒപ്പം വിടാനുള്ള കോടതി വിധി നടപ്പാകാതിരിക്കാനാണ് ഈ കൂട്ട ആത്മഹത്യ നടത്തിയത്. ഏറ്റവുമൊടുവിൽ കേരളത്തിന് അപമാനിച്ച് തലകുനിക്കാൻ കാരണമായ ആൾക്കൂട്ട കൊലപാതകത്തിന് വീണ്ടും പാലക്കാട് സാക്ഷിയായതുമുണ്ട്. മോഷണക്കുറ്റം ആരോപിച്ച് ഛത്തീസ്ഗഢ് സ്വദേശിയായ അതിഥി തൊഴിലാളി രാംനാരായണൻ ബഗേലിനെയാണ് അട്ടപ്പള്ളത്ത് ഒരു സംഘമാളുകൾ മർദിച്ച് കൊലപ്പെടുത്തിയത്.
തിരുവനന്തപുരം കഠിനംകുളത്ത് കൊല്ലപ്പെട്ട ആതിര മുതൽ രാമന്തളിയിൽ മരിച്ച കണ്ണനെന്ന രണ്ട് വയസുകാരൻ വരെ ഉറ്റവരാൽ മരിക്കാൻ വിധിക്കപ്പെട്ടവരായി 2025 നെ അടയാളപ്പെടുത്തുന്നു. വിദ്യാഭ്യാസത്തിലും നീതിനിർവഹണത്തിലും ആരോഗ്യരംഗത്തും രാജ്യത്ത് തന്നെ മുന്നിൽ നിൽക്കുമ്പോഴാണ് ഉറ്റവരാൽ കൊല്ലപ്പെടുന്ന സംഭവങ്ങളുടെ തുടർക്കഥ കേരളത്തിലുണ്ടാവുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam