ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പത്മകുമാറിന് തിരിച്ചടി. ദ്വാരപാലക പാളി കേസിലെ ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി 

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ. പത്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി പറഞ്ഞത്. സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. രണ്ടു കേസുകളിലും നൽകിയ ജാമ്യാപേക്ഷ 14 ആം തീയതി വിജിലൻസ് കോടതി പരിഗണിക്കും. കട്ടിളപ്പാളി കേസിൽ പത്മകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ആ കേസിലെ ജാമ്യാപേക്ഷയും കൊല്ലം വിജിലൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു. അതിന് പിന്നാലെയാണ് രണ്ടാമത് അറസ്റ്റിലായ ദ്വാരപാലക ശിൽപ കേസിലും പത്മകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഹര്‍ജികളിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്, കൂട്ടുത്തരവാദിത്വത്തിന്‍റെ ഭാഗമായിട്ടാണ് ശബരിമലയിലെ പാളികള്‍ കൈമാറിയത് അടക്കം എല്ലാക്കാര്യങ്ങളും നടന്നത് എന്നാണ്. 

കേസിലെ ഒന്നാം പ്രതി ആയ ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും മറ്റൊരു പ്രതിയായ മുരാരിബാബുവിനെയും റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടിയിരിക്കുകയാണ്. അതേ സമയം ഉണ്ണിക്കൃഷ്ണൻ പോറ്റി രണ്ട് കേസുകളിലും ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.