22 വര്‍ഷം മുമ്പ് ഏസ്റ്റേറ്റ് ഉപേക്ഷിച്ച് ഉടമ ഇറങ്ങി; തോട്ടത്തില്‍ ഒറ്റപ്പെട്ട് തൊഴിലാളികള്‍

Published : Dec 27, 2022, 08:39 AM IST
22 വര്‍ഷം മുമ്പ് ഏസ്റ്റേറ്റ് ഉപേക്ഷിച്ച് ഉടമ ഇറങ്ങി; തോട്ടത്തില്‍ ഒറ്റപ്പെട്ട് തൊഴിലാളികള്‍

Synopsis

കമ്പനിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ പരാജയപ്പെട്ട ഉടമ, തോട്ടം ഉപേക്ഷിച്ച് 2000 ഡിസംബർ 13 -നാണ് മലയിറങ്ങിയത്. 1,330  സ്ഥിരം തൊഴിലാളികളും, അത്രതന്നെ താൽക്കാലികക്കാരും (വാരത്താൾ), 33 ഓഫീസ് ജീവനക്കാരുമാണ് ഇതോടെ അനാഥമായത്.


ഇടുക്കി: ഫാക്ടറിയിലെ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ, വരുമാനത്തിലെ ഇടിവ്, തൊഴിലാളികള്‍ക്കിടിയിലെ അസ്വാസ്ഥ്യങ്ങള്‍ കാലങ്ങളായി ഒരു കമ്പനിയില്‍ ഉരുണ്ടുകൂടിയ അസ്വസ്ഥതകള്‍ക്കൊടുവില്‍ ഉടമ, കമ്പനി തന്നെ ഉപേക്ഷിച്ച് പോയിട്ട് 22 വര്‍ഷം കഴിഞ്ഞു. ഇതോടെ സ്ഥിരം തൊഴിലാളികളും താത്കാലിക തൊഴിലാളികളുമെല്ലാമായി ഏതാണ്ട് നാലായിരത്തോളം തൊഴിലാളികളുടെ ജീവനോപാധിയും അടഞ്ഞു. തൊഴിലാളി കുടുംബങ്ങളെ ദുരിതത്തിലാക്കി പീരുമേട് ടീ കമ്പനി ഉടമ തോട്ടം ഉപേക്ഷിച്ച് പോയിട്ട് 22 വർഷം കഴിഞ്ഞിട്ടും  തുറക്കാൻ മാത്രം നടപടിയില്ല. ഇത്രയും തൊഴിലാളികളുടെ ജീവനോപാധിയില്‍ തുടര്‍ച്ച കണ്ടെത്തുന്നതില്‍ തൊഴിലാളി സംഘടനകളും പരാജയപ്പെട്ടു. ഇതോടെ ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച രണ്ട് ഫാക്ടറികൾ, ഗ്രൂപ്പ് ഹോസ്പിറ്റൽ, ബംഗ്ലാവുകൾ, ഓഫീസ് സമുച്ചയം, എന്നിവ ഉൾപ്പെടെ 2,700 ഓളം ഏക്കർ തോട്ടം ഉദ്പാനമില്ലാതെ അടഞ്ഞു കിടക്കുന്നു. 

കമ്പനിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ പരാജയപ്പെട്ട ഉടമ, തോട്ടം ഉപേക്ഷിച്ച് 2000 ഡിസംബർ 13 -നാണ് മലയിറങ്ങിയത്. 1,330  സ്ഥിരം തൊഴിലാളികളും, അത്രതന്നെ താൽക്കാലികക്കാരും (വാരത്താൾ), 33 ഓഫീസ് ജീവനക്കാരുമാണ് ഇതോടെ അനാഥമായത്. രണ്ട് വർഷത്തെ ബോണസ്, ശമ്പള - പി.എഫ് കുടിശിക, പിരിഞ്ഞ് പോയ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, റവന്യൂ - തദ്ദേശ - തൊഴിൽ വകുപ്പുകൾക്കുള്ള നികുതികൾ ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ ബാധ്യത നിലനിൽക്കെയാണ് നിയമപരമായ ഒരു മുന്നറിയിപ്പുമില്ലാതെ ഉടമ, തോട്ടം ഉപേക്ഷിച്ചു പോയത്.

ഉടമകൾ തമ്മിലുള്ള അഭിപ്രായ ഭിന്നത, നടത്തിപ്പിലെ കെടുകാര്യസ്ഥത, വിപണിയിലെ സാമ്പത്തിക മാന്ദ്യം തുടങ്ങി നിരവധി കാരണങ്ങളാൽ 90 കളുടെ തുടക്കത്തിൽ തന്നെ കമ്പനിയിൽ പ്രതിസന്ധി തുടങ്ങിയിരുന്നു. ആഴ്ചയിൽ ചെലവ് കാശ് പോലും നൽകാതെ വന്നതോടെ മാനേജരേയും, സൂപ്രണ്ടുമാരേയും തൊഴിലാളികൾ തടഞ്ഞ് വയ്ക്കുകയും, സംസ്ക്കരിച്ച തേയില കയറ്റി കൊണ്ട് പോകുന്നത് തടയുകയും ചെയ്തതോടെ ഉടമ നാട് വിടുകയായിരുന്നു. തോട്ടം തുറക്കുന്നതിന് മുഖ്യമന്ത്രിയും, മന്ത്രിമാരും ഇടപെട്ട് ഏതാണ്ട് ഇരുനൂറോളം തവണ ചർച്ചകൾ നടന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. 2018 നവംബർ 22 ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണന്‍ വിളിച്ചു ചേർത്ത യോഗത്തിൽ ഒരു മാസത്തിനുള്ളിൽ തോട്ടം തുറക്കാൻ തീരുമാനമെടുത്തു. എന്നാൽ, തോട്ടം ഉടമയും, മന്ത്രിയുടെ പാർട്ടി നയിക്കുന്ന ട്രേഡ് യൂണിയൻ ഉൾപ്പെടെ എല്ലാവരും വ്യത്യസ്ഥ നിലപാട് സ്വീകരിച്ചതോടെ തുടര്‍ ചർച്ചകള്‍ വഴിമുട്ടി. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമായി. അവര്‍ മറ്റ് തൊഴിലുകള്‍ സ്വയം കണ്ടെത്തേണ്ടിവന്നു. 

പ്രതിസന്ധിയെ തുടർന്ന് തോട്ടം ഉപേക്ഷിച്ച് പോയ സംസ്ഥാനത്തെ ആദ്യ സംഭവമാണ് പീരുമേട് ടീ കമ്പയിലേത്. പിന്നാലെ 17 വൻകിട തോട്ടങ്ങൾ ഉപേക്ഷിക്കുകയോ, പൂട്ടുകയോ ചെയ്തെങ്കിലും ഇവയെല്ലാം ഘട്ടം ഘട്ടമായി പിന്നീട് തുറന്നു. എന്നാൽ, പീരുമേട് ടീ കമ്പനിയുടെ കാര്യത്തിൽ  മാത്രം ഒരു പരിഹാരവും ഉണ്ടായില്ല. തൊഴിലാളികൾ താമസിക്കുന്ന തകർച്ചയിലായ ലയങ്ങൾ നവീകരിക്കാൻ കഴിഞ്ഞ ബജറ്റിൽ  സർക്കാർ അനുവദിച്ച ഫണ്ട്  പ്രയോജനപ്പെടുത്താൻ പോലും അധികൃതർക്കായില്ല. ഏത് നിമിഷവും തകർന്ന് വീഴാവുന്ന മേൽക്കൂരയക്ക് കീഴിൽ ഭീതിയോടെ തൊഴിലാളികളും, ആശ്രിതരും തൊട്ടടുത്ത് പട്ടണങ്ങളില്‍ കൂലി പണിയെടുത്ത് അർത്ഥ പട്ടിണിയുമായി കഴിഞ്ഞ് കൂടുകയാണ്.

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം