
ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ചിന്നക്കനാൽ 301 കോളനിയിലെ താമസക്കാരനായ തരുണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തരുൺ താമസിച്ചിരുന്ന വീടിന്‍റെ പിൻഭാഗത്താണ് മൃതദേഹം കണ്ടത്. മൃതദേഹം വീടിന്‍റെ ജനാലയുമായി നായക്കളെ പൂട്ടുന്ന തുടൽ ഉപയോഗിച്ച് ബന്ധിപ്പിച്ചിരുന്നു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനമെങ്കിലും മൃതദേഹം ചങ്ങലയിൽ ബന്ധിച്ചിരുന്നത് ദുരൂഹതയുണ്ടാക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. അതുകൊണ്ടുതന്നെ അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്.
വീടിന്‍റെ സമീപത്തുനിന്ന് ഒരു വടിയും, പെട്രോൾ ഉണ്ടായിരുന്ന കുപ്പിയും, ലൈറ്ററും കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ തരുൺ വീടിനടുത്തൂടെ സ്കൂട്ടറിൽ അമിതവേഗതയിൽ പോകുന്നതായി നാട്ടുകാർ കണ്ടിരുന്നുണ്ട്. ഇതിനുശേഷമാണ് ഇയാളെ കാണാതാവുന്നത്. സംഭവ സമയത്ത് വീട്ടിൽ തരുണിന്‍റെ കിടപ്പുരോയിഗായ വല്യമ്മ മാത്രമാണുണ്ടായിരുന്നത്. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ഇന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്യും. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത ശാന്തൻപോറ പൊലീസിന്‍റെ അന്വേഷണം തുടരുകയാണ്.
തിരുവനന്തപുരത്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു; ബന്ധുവായ യുവാവ് അറസ്റ്റിൽ
അതേസമയം തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത കല്ലറ പാങ്ങോട് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച ബന്ധുവായ യുവാവ് അറസ്റ്റിലായെന്നതാണ്. തെങ്ങുംകോട് സ്വദേശിയായ ഷിനു ( 20 ) ആണ് പിടിയിലായത്. വീട്ടിൽ നിന്ന് പഠിക്കാൻ ഇറങ്ങിയ കുട്ടിയെ യുവാവിന്‍റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. രണ്ട് വർഷമായി പീഡനം തുടരുന്നുവെന്ന് പെൺകുട്ടി വെളിപ്പെടുത്തി. പെൺകുട്ടിയുടെ രക്ഷിതാക്കള്‍ പാങ്ങോട് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ഷിനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam