
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ത്രിതല പഞ്ചായത്തുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്ക് അതത് സ്ഥാപനതലത്തിലുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. വോട്ടെടുപ്പിന്റെ തലേദിവസം പോളിംഗ് സാധനങ്ങൾ വിതരണം ചെയ്യുന്നതും വോട്ടെടുപ്പിന് ശേഷം അവ തിരികെ വാങ്ങി സ്‌ട്രോംഗ് റൂമിൽ സൂക്ഷിക്കുന്നതും ഇതേ കേന്ദ്രങ്ങളിലാണ്.
ജില്ലകളിലെ വോട്ടെടുപ്പ്, വോട്ടെണ്ണൽ നടത്തുന്നത് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലാണ്. വോട്ടെടുപ്പിന് വേണ്ട സാധനങ്ങൾ വിതരണം ചെയ്യുന്നതും വോട്ടെടുപ്പിന് ശേഷം അവ സൂക്ഷിക്കുന്നതിന്റെയും മേൽനോട്ടം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ്. കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി സജ്ജമാക്കേണ്ട ചുമതല അതത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും മുൻസിപ്പൽ സെക്രട്ടറിക്കുമാണ്. കേന്ദ്രങ്ങളിൽ ഏർപ്പെടുത്തേണ്ട അടിസ്ഥാന സൗകര്യങ്ങളും തുടർനടപടികൾക്കുള്ള വിശദമായ മാർഗ്ഗരേഖയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.
വോട്ടെടുപ്പ്, വോട്ടെണ്ണൽ കേന്ദ്രങ്ങളിലേയും വിതരണ കേന്ദ്രത്തിലേയും പാഴ്വസ്തുക്കൾ നീക്കം ചെയ്യുന്നതിൽ ഹരിതച്ചട്ടം കർശനമായി പാലിക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി. സ്‌ട്രോങ്‌റൂം, കാൻഡിഡേറ്റ് സെറ്റിങ് കേന്ദ്രം (ഇവിഎം കമ്മീഷനിംഗ്), ഇ ഡ്രോപ്പ്, ട്രെൻഡ് സോഫ്റ്റ്‌വെയർ വിന്യാസം, ഡാറ്റാ എൻട്രി കേന്ദ്രം, കൺട്രോൾ റൂം എന്നിവ ഈ കേന്ദ്രങ്ങളിൽ പ്രവർത്തിക്കും. ഓരോ വരണാധികാരിക്കും ആവശ്യമായ വെവ്വേറെ വിതരണ, സ്വീകരണ, വോട്ടെണ്ണൽ കേന്ദ്രവും സ്‌ട്രോങ് റൂമും കേന്ദ്രങ്ങളിലുണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam