
ആലപ്പുഴ: ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തണ്ണീർമുക്കം സ്വദേശിയായ 10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
വൃത്തിയില്ലാത്ത കുളങ്ങൾ, ജലാശയങ്ങൾ, വെള്ളക്കെട്ടുകൾ, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ ചെയ്യരുത്. നീന്തൽ പരിശീലന കേന്ദ്രങ്ങളിലെ നീന്തൽ കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യണം. കുട്ടികൾ ചെറുകുളങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലും കുളിക്കാനും കളിക്കാനും ഇറങ്ങുന്നില്ല എന്ന് അധ്യാപകരും രക്ഷകർത്താക്കളും ഉറപ്പാക്കണം. വീടുകളിലെയും സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെയും ജലസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
തലച്ചോറിനെ ബാധിക്കുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്കജ്വരം. ജലത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി (Naegleria fowleri) എന്ന അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. മലിനമായ കുളങ്ങളിലോ, പുഴകളിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോൾ ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. ഇത് പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു. മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam