സര്‍ക്കാര്‍ ജോലി കാത്ത് 248 കായികതാരങ്ങൾ ; ഒന്‍പത് വർഷമായി നിയമനം നൽകിയിട്ടില്ല

By Web TeamFirst Published Jul 11, 2019, 3:07 PM IST
Highlights

സ്പോർട്സ് ക്വാട്ട വഴിയുളള നിയമന നടപടികൾ പുനരാരംഭിക്കുമെന്ന് സർക്കാർ അറിയിച്ചെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല. 

തിരുവനന്തപുരം: സർക്കാർ ജോലിക്കായി കഴിഞ്ഞ ഒന്‍പത് വർഷമായി കാത്തിരിപ്പ് തുടരുകയാണ് സംസ്ഥാനത്തെ 248 കായികതാരങ്ങൾ. സ്പോർട്സ് ക്വാട്ട വഴിയുളള നിയമന നടപടികൾ പുനരാരംഭിക്കുമെന്ന് സർക്കാർ അറിയിച്ചെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല. വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് കായികമന്ത്രി ഇ പി ജയരാജന് താരങ്ങൾ നിവേദനം നൽകിയിട്ടുണ്ട്. 

ഒരു വർഷം 50 കായികതാരങ്ങളെയാണ് സർക്കാർ ജോലിക്ക് പരിഗണിച്ചിരുന്നത്. 2010 മുതൽ 2014 വരെ 250 കായികതാരങ്ങളാണ് ഇങ്ങനെ ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ഇതില്‍ ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ പി ആര്‍ ശ്രീജേഷിന് ഒരു തസ്തികയില്‍ നേരത്തെ നിയമനം നല്‍കിയിരുന്നു. 

ഒരു തസ്തികയിലുള്ള നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. പട്ടികയില്‍ ബാക്കിയുള്ള 248 കായികതാരങ്ങളാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി നിയമനത്തിനായി കാത്തിരിപ്പ് തുടരുന്നത്. കഴി‍ഞ്ഞ ഫെബ്രുവരിയിലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. നിയമനം വേഗത്തിലാക്കുമെന്ന് സർക്കാർ ആവർത്തിക്കുമ്പോള്‍ ചുവപ്പുനാടക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് നാടിന്‍റെ അഭിമാനതാരങ്ങളുടെ ജീവിതം.

click me!