കൊല്ലത്ത് രണ്ട് കുട്ടികള്‍ക്ക് ഡിഫ്‍തീരിയ; ഒരാളുടെ നില ഗുരുതരം

By Web TeamFirst Published Jul 11, 2019, 2:34 PM IST
Highlights

രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ക്കൊപ്പം ഹോസ്റ്റലില്‍ ഉണ്ടായിരുന്ന 260 കുട്ടികള്‍ക്കും  32 അധ്യാപകര്‍ക്കും  പ്രതിരോധ മരുന്ന് നല്‍കി. 

കൊല്ലം: കൊല്ലത്ത് ഡിഫ്‍തീരിയ സ്ഥിരീകരിച്ച രണ്ട് കുട്ടികളില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഡിഫ്‍തീരയയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകളെടുക്കാത്ത കുട്ടികള്‍ക്കാണ് രോഗം പിടിപെട്ടത്. ജില്ലയിൽ എല്ലാവര്‍ക്കും  കുത്തിവയ്പ്പ് നൽകാൻ നടപടി തുടങ്ങിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
 
ഓച്ചിറയിലെ ഒരു അറബിക് കോളേജില്‍ താമസിച്ച് പഠിക്കുന്ന രണ്ട് കുട്ടികള്‍ക്കാണ് ഡിഫ്‍തീരിയ സ്ഥിരീകരിച്ചത്. ഇതില്‍ എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലുള്ള 11കാരന്‍ തീവ്രപരിചരണ വിഭാത്തിലാണ്. 16 വയസുള്ള കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു. 

രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ക്കൊപ്പം ഹോസ്റ്റലില്‍ ഉണ്ടായിരുന്ന 260 കുട്ടികള്‍ക്കും  32 അധ്യാപകര്‍ക്കും  പ്രതിരോധ മരുന്ന് നല്‍കി. രോഗ ലക്ഷണം ഉണ്ടായിരുന്ന കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ച് ചികിൽസയും നല്‍കുന്നുണ്ട്. തുടര്‍ പരിശോധനകളിൽ പനിയും തൊണ്ടവേദനയും കണ്ടെത്തിയ മൂന്ന് കുട്ടികളുടെ കൂടി സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. 

ഭാഗികമായി മാത്രം പ്രതിരോധ കുത്തിവയ്പ്പുകളെടുത്ത 400 കുട്ടികള്‍ ജില്ലയിലുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. മതപരമായ കാരണങ്ങളും അറിവില്ലായ്മയും കാരണമാണ് പലരും കുത്തിവയ്പ്പുകളെടുക്കാത്തത്. ഇവരെ കണ്ടെത്തി തദ്ദേശ പൊലീസ് വകുപ്പുകളുടെ സഹായത്തോടെ പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കാനാണ് തീരുമാനം. 

click me!