
കൽപ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ ക്ഷീരകര്‍ഷകനെ കൊലപ്പെടുത്തിയ കടുവയെ കണ്ടെത്താനായി വനം വകുപ്പ് 80 പേരടങ്ങിയ സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചു. ഡോക്ടര്‍, ഷൂട്ടേഴ്‌സ്, പട്രോളിംഗ് ടീം എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ടീം. ലൈവ് ട്രാപ്പ് ക്യാമറ ഉള്‍പ്പടെ 25 ക്യാമറകള്‍, കൂടുകള്‍, തോക്ക് എന്നിവയും ടീമിന്റെ ആവശ്യത്തിനായി അനുവദിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. വനം വകുപ്പ് പ്രദേശത്ത് സദാ ജാഗരൂകരായി പ്രവര്‍ത്തിക്കുകയാണെന്നും പ്രദേശവാസികള്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
കടുവയ്ക്കായി വ്യാപക തെരച്ചില്‍ തുടരുകയാണ്. വലിയരീതിയുള്ള തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. പരിശോധനയിൽ കൂടല്ലൂരിലെ ഒരു വാഴത്തോട്ടത്തിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ, കടുവ എങ്ങോട്ട് മാറിയെന്ന് ഉറപ്പിക്കാനായിട്ടില്ല. 22 ക്യാമറ ട്രാപ്പുകൾ പലയിടത്തായി സ്ഥാപിച്ച് കടുവയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. 20 അംഗ പ്രത്യേക ടീം ഉള്‍പ്പെടെ കാട്ടിലേക്ക് കയറി തെരച്ചില്‍ നടത്തിയിരുന്നു. മാരമല, ഒമ്പതേക്കർ , ഗാന്ധിനഗർ മേഖലയിൽ ആണ് ഇന്നലെ തെരച്ചിൽ നടത്തിയത്. നാട്ടുകാരോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ വനംവകുപ്പ് അറിയിപ്പ് നൽകിയിരുന്നു.
പ്രജീഷ് എന്ന യുവ ക്ഷീര കർഷകനെയാണ് കടുവ കൊന്നത്. പതിവുപോലെ രാവിലെ പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാൽ വിൽപ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
https://www.youtube.com/watch?v=Ko18SgceYX8