
തിരുവനന്തപുരം: പഞ്ചായത്തുകളെ പ്രാദേശിക സർക്കാരുകളാക്കി ശക്തിപ്പെടുത്തിയ ജനകീയാസൂത്രണത്തിന് ഇന്ന് 25- പിറന്നാൾ. വികസനം താഴെത്തട്ടിലേക്ക് ഇറങ്ങിയ കേരള മാതൃക കാൽ നൂറ്റാണ്ടിനിപ്പുറം അന്തർദേശീയ തലത്തിൽ വരെ പഠന വിഷയമാണ്. അഞ്ച് സർക്കാരുകളെ അതിജീവിച്ചുവെന്നതാണ് അധികാര വികേന്ദ്രീകരണത്തിന്‍റെ ഏറ്റവും വലിയ സവിശേഷത.
അധികാര വികേന്ദ്രീകരണം, ഐക്യ കേരള പിറവി മുതൽ ഇഎംഎസ് കണ്ട വലിയ സ്വപ്നമായിരുന്നു. 40 വർഷങ്ങൾക്കിപ്പുറം 1996 ആഗസ്റ്റ് 17ന് ഈ സ്വപ്നം ജനകീയാസൂത്രണം എന്ന പരീക്ഷണമായി പിറവിയെടുത്തു. നാട്ടുകൂട്ടായ്മകളിൽ നിന്നും മുകളിലേക്ക് കെട്ടിപടുത്ത ഈ വികസന മാതൃക പരമ്പാരാഗത ഇന്ത്യൻ വികസന തത്വങ്ങളെ തകിടംമറിച്ചു. വെള്ളവും, വീടും, റോഡും, ഉപജീവന സഹായങ്ങളുടെയും ഗുണഭോക്താക്കൾ ഗ്രാമസഭകളിൽ തീരുമാനിക്കപ്പെട്ടു. നാടിന്‍റെ വികസന ആസൂത്രണത്തിൽ ഒരു മലയാളിക്കും പങ്കില്ലാതെ പോകരുതെന്നായിരുന്നു ഉദ്ഘാടന ദിനം മുഖ്യമന്ത്രി ഇകെ നായനാരുടെ വാക്കുകൾ.
1998ൽ കുടുംബശ്രീ കൂടി യാഥാർത്ഥ്യമായതോടെ ജനകീയാസൂത്രണം കൂടുതൽ ശക്തിപ്പെട്ടു. അയൽകൂട്ടങ്ങളിലേക്ക് ഭാവനാസമ്പന്നമായ പദ്ധതികൾ നിരന്നു. 2001ൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ രൂപമാറ്റങ്ങൾ വന്നെങ്കിലും അടിസ്ഥാനപരമായ ആസൂത്രണ ഘടന സംരക്ഷിക്കപ്പെട്ടു.
ഭൂപരിഷ്ക്കരണം കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും ആഴത്തിൽ ചർച്ചചെയ്യപ്പെട്ട മുന്നേറ്റമാണ് ജനകീയാസൂത്രണം. പഞ്ചായത്തുകളെ കരുത്തുറ്റതാക്കിയ വികസന മാതൃകയുടെ ഭാവിയെന്താകുമെന്നതും രജതജൂബിലി കാലത്തെ ചിന്താവിഷയം. പഞ്ചായത്തുകളിലേക്ക് പദ്ധതി വിഹിതം കുറയുന്നു. ഫണ്ടില്ലായ്മയും, തനത് വരുമാനം കണ്ടെത്തുന്നതിലെ പ്രതിസന്ധിയും, കിഫ്ബി പോലുള്ള ബദൽ മാതൃകയുമാണ് അധികാര വികേന്ദ്രീകരണത്തിന് മേലുള്ള വർത്തമാനകാല വെല്ലുവിളി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam