
തിരുവനന്തപുരം: രണ്ട് കണ്ടെയിനറുകളിലായി തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച പഴകിയ മത്സ്യം അമരവിള ചെക് പോസ്റ്റിൽ പിടികൂടി. 26 ടൺ മത്സ്യങ്ങളാണ് പൊലീസും ആരോഗ്യ വകുപ്പും ചേർന്ന് പിടികൂടിയത്. കണ്ടെയിനറിൽ ഉണ്ടായിരുന്നത് അഴുകിയ മത്സ്യമാണെന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു.
ലോക്ക് ഡൗണ്ടിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പഴകിയ മീനുകള്‍ വില്‍ക്കുന്നത് വ്യാപകമാകുകയാണ്. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 43,000 കിലോയിലധികം മീനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തത്. ക്യാൻസറിന് വരെ കാരണമാകുന്ന ബെൻസോയ്ക് ആസിഡാണ് മീൻ അഴുകാതിരിക്കാൻ ഉപയോഗിക്കുന്നതെന്നും പരിശോധനയില്‍ വ്യക്തമായി. എറണാകുളം വൈപ്പിനില്‍ ഇന്നലെ പുലര്‍ച്ചെ പിടികൂടിയ 4030 കിലോയിലേറെ വരുന്ന മത്സ്യത്തിന് ചുരുങ്ങിയത് ഒരു മാസത്തെ പഴക്കമെങ്കിലും ഉണ്ടെന്നാണ് കരുതുന്നത്. തൃശ്ശൂരില്‍ നിന്നും 1700 കിലോയും കണ്ണൂരില്‍ നിന്നും 1300 കിലോ പഴകിയ മീനുമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.
കോട്ടയത്തും സമീപപ്രദേശങ്ങളില്‍ നിന്നും 196 കിലോയും ഇടുക്കിയില്‍ നിന്നും 194 കിലോ മീനും പിടിച്ചെടുത്തു. ആലപ്പുഴ ചേർത്തല മാർക്കറ്റില്‍ നിന്നും 25 കിലോ പഴകിയ മീൻ കണ്ടെത്തി. ഇങ്ങനെ സംസ്ഥാനത്തെ 184 ഇടങ്ങളില്‍ നിന്നായി 7557 കിലോ പഴകിയ മീനാണ് ഇന്ന് പിടിച്ചെടുത്തത്. പഴകിയ മീനെന്ന സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് കൂടത്തായിയില്‍ മീൻ സംഭരണ കേന്ദ്രം ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടി സീല്‍ ചെയ്തു. ശനിയാഴ്ച തുടങ്ങിയ ഓപ്പറേഷൻ സാഗർ റാണി വരും ദിവസങ്ങളിലും ശക്തമാക്കാനാണ് ഫിഷറീസ് വകുപ്പിന്‍റെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam