
തിരുവനന്തപുരം: പൊതുമരാമത്ത് റെസ്റ്റ് ഹൗസുകൾ പീപ്പിൾസ് റെസ്റ്റ് ഹൗസുകളായി മാറിയപ്പോൾ നാല് വർഷം കൊണ്ട് 32 കോടിയുടെ അധിക വരുമാനം ലഭിച്ചെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കാട്ടാക്കട കുളത്തോട്ടുമലയിൽ പുതിയ പൊതുമരാമത്ത് റെസ്റ്റ് ഹൗസ് മന്ദിരത്തിന്‍റെയും നവീകരിച്ച കുളത്തോട്ടുമല- പ്ലാവൂർ റോഡിന്‍റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 186 റെസ്റ്റ് ഹൗസുകൾ പൊതുജനത്തിനും തുറന്ന് കൊടുത്ത ശേഷം 5,26,798 ബുക്കിങ്ങുകൾ പൂർത്തീകരിച്ചെന്നും മന്ത്രി പറഞ്ഞു.
കേരളം പശ്ചാത്തല വികസനത്തിന്‍റെ ഹബ്ബായി മാറിയെന്നും പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 60 ശതമാനം റോഡുകളും ബിഎംബിസി നിലവാരത്തിലേക്കുയർന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയെ മുൻകൂട്ടി കണ്ടുള്ള വികസനമാണ് മണ്ഡലത്തിൽ നടപ്പാക്കുന്നതെന്ന് ഐ ബി സതീഷ് എംഎൽഎ പറഞ്ഞു. നെയ്യാർ ഡാം, കോട്ടൂർ ആന സംരക്ഷണ കേന്ദ്രം, അഗസ്ത്യാർകൂടം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വരുന്ന സഞ്ചാരികളുടെ പ്രവേശന കവാടമാണ് കാട്ടാക്കട. റെസ്റ്റ് ഹൗസ് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുമെന്നും ടൂറിസം അനുബന്ധ വ്യവസായങ്ങൾ മണ്ഡലത്തിൽ വരുമെന്നും എംഎൽഎ അഭിപ്രായപ്പെട്ടു. ചടങ്ങിൽ കാട്ടാക്കടയിൽ നിന്ന് കുളത്തോട്ടുമലയിലേക്കുള്ള പുതിയ കെഎസ്ആർടിസി ബസ് റൂട്ടം എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു.
നാല് കോടി 11 ലക്ഷം രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് റസ്റ്റ് ഹൗസ് മന്ദിരം പണികഴിപ്പിച്ചത്. കോൺഫറൻസ് ഹാൾ, സ്യൂട്ട് റൂം, വിഐപി റൂം ബാൽക്കണി സൗകര്യം എന്നിങ്ങനെ അഞ്ച് റൂമുകളും ഉൾപ്പെടുന്നതാണ് റെസ്റ്റ് ഹൗസ് മന്ദിരം. റെസ്റ്റ് ഹൗസിലേക്കുള്ള പ്രധാന റോഡാണ് 2.035 കിലോമീറ്റർ ദൂരമുള്ള കുളത്തോട്ടുമല- പ്ലാവൂർ റോഡ്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ട് കോടി 43 ലക്ഷം രൂപ ചെലവിലാണ് ബിഎംബിസി നിലവാരത്തിൽ റോഡ് നവീകരിച്ചത്. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജെ സുനിത അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ബിജു ജില്ലാ പഞ്ചായത്ത് അംഗം ഗോപു നെയ്യാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിഷ്മ ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam