
തൃശൂർ : കരുവന്നൂര്‍ ബാങ്കിന്‍റെ കണ്ണില്‍ ചോരയില്ലാത്ത പ്രവൃത്തിക്ക് ഇരയാണ് മാപ്രാണം സ്വദേശി പൊറിഞ്ചു. തന്‍റെയും കുടുംബത്തിന്‍റേയും പേരില്‍ നാല്പത് ലക്ഷം രൂപയാണ് പൊറിഞ്ചു ബാങ്കില്‍ നിക്ഷേപിച്ചത്. ബാങ്ക് തട്ടിപ്പ് നടത്തിയതോടെ ഇവർക്കും പണം തിരികെ കിട്ടിയില്ല. ഇതിനിടെ ആശുപത്രിയിലായ പൊറിഞ്ചുവിന് രണ്ട് തവണ ഹൃദയ ശസ്ത്രക്രിയ നടത്തിയത് പണം കടം വാങ്ങിയാണ്. ഓപ്പറേഷന് വേണ്ടി പണം തിരികെ ചോദിച്ചപ്പോള്‍ ബാങ്ക് നിഷ്കരുണം കൈമലര്‍ത്തിയെന്നും പൊറിഞ്ചു വേദനയോടെ പറയുന്നു.
''ശസ്ത്രക്രിയക്കും ആശുപത്രി ചികിത്സക്കുമായി വലിയൊരു തുകയാണ് ചിലവായത്. പലരിൽ നിന്നായി കടം വാങ്ങിയാണ് ആശുപത്രിയിലെ പണം അടച്ച് വീട്ടിലക്ക് വന്നത്. വീട്ടിലിപ്പോൾ കടം വാങ്ങിയ പണം തിരികെ ചോദിച്ച് ആളുകൾ വന്ന് തുടങ്ങി. ചേട്ടന് ആവശ്യം വന്നപ്പോൾ തന്ന് സഹായിച്ച പണം തിരികെ തരണമെന്നാണ് അവര് പറയുന്നത്. അതും ശരിയാണ്''. പക്ഷേ എന്റെ പണം ബാങ്ക് തന്നാൽ എനിക്ക് കടം വാങ്ങിയ പണം തിരികെ നൽകാമായിരുന്നുവെന്നും വേദനയോടെ പൊറിഞ്ചു പറയുന്നു. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണിപ്പോൾ പൊറിഞ്ചു.
സമാനമായ ആരോപണമാണ് കഴിഞ്ഞ തിങ്കളാഴ്ച മരിച്ച രാമനെന്ന എഴുപത്തിയഞ്ചുകാരന്റെ കുടുംബവും ഉയർത്തുന്നത്. മാപ്രാണം പൊറത്തിശേരി സ്വദേശി രാമനും മൂത്ത ചേച്ചി ഭാര്‍ഗവിയും വീടും പുരയിടവും വിറ്റു കിട്ടിയ പത്തുലക്ഷം രൂപ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. സഹോദരിയുടെ മകളുടെ സംരക്ഷണയിലായിരുന്നു ഇരുവരും. ചികിത്സയ്ക്കും ശിഷ്ടകാല ജീവിതത്തിനുമുള്ളതായിരുന്നു സമ്പാദ്യം. തലച്ചോര്‍ ചുരുങ്ങുന്നതായിരുന്നു രാമന്റെ അസുഖം. മൂന്നു ലക്ഷം രൂപയാണ് ശസ്ത്രക്രിയ്ക്ക് വേണ്ടിയിരുന്നത്. കഴിഞ്ഞ മാസം 20 ന് ഇക്കാര്യം ബാങ്കിനെ അറിയിച്ചു. ഒരുമാസത്തിനിപ്പുറം അമ്പതിനായിരം രൂപ മാത്രം ബാങ്ക് നല്‍കി. ശസ്ത്രക്രിയ നടത്താനാവാതെ കഴിഞ്ഞ തിങ്കളാഴ്ച രാമന്‍ മരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam