'ജുമാ നമസ്കാരത്തിന് 40 പേർക്കെങ്കിലും അനുമതി വേണം', സമസ്ത പ്രത്യക്ഷസമരത്തിന്

By Web TeamFirst Published Jul 13, 2021, 3:43 PM IST
Highlights

വ്യാഴാഴ്ച സെക്രട്ടറിയറ്റിനു മുന്നിലും തദ്ദേശഭരണ സ്ഥാപനങ്ങൾക്കു മുന്നിലും പ്രതിഷേധ ധർണ നടത്തുമെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. സംസ്ഥാനവ്യാപകമായിട്ടാകും പ്രതിഷേധസമരം. 

മലപ്പുറം: വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ചുരുങ്ങിയത് 40 പേരെ അനുവദിച്ചേ തീരൂ എന്ന ആവശ്യവുമായി സമസ്ത പ്രത്യക്ഷസമരത്തിലേക്ക്. ഇക്കാര്യം ആവശ്യപ്പെട്ട് വ്യാഴാഴ്ച സെക്രട്ടറിയറ്റിനു മുന്നിലും തദ്ദേശഭരണ സ്ഥാപനങ്ങൾക്കു മുന്നിലും പ്രതിഷേധ ധർണ നടത്തുമെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. സംസ്ഥാനവ്യാപകമായിട്ടാകും പ്രതിഷേധസമരം. സമരത്തിലേക്ക് തള്ളിവിടാതെ സർക്കാർ ആവശ്യം അംഗീകരിക്കണമെന്നും മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു. വിശ്വാസികളുടെ ക്ഷമ സർക്കാർ ദൗർബ്ബല്യമായി കാണരുതെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു

വെളളിയാഴ്ചയിലെ ജുമുഅ നമസ്കാരങ്ങൾക്കും ബലിപെരുന്നാൾ നമസ്കാരത്തിനും അനുമതി വേണമെന്നാവശ്യപ്പെട്ട് നേരത്തേ സുന്നി നേതാവായ കാന്തപുരം അബൂബക്കർ മുസ്ലിയാർ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് രംഗത്ത് വന്നിരുന്നു. സർക്കാരിനോടുന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച്  ഇകെ സുന്നിവിഭാഗം ഇന്ന് മലപ്പുറത്ത് യോഗം ചേർന്നിരുന്നു. സമസ്തയുടെ മുതിർന്ന നേതാക്കളും പോഷകസംഘടനാ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരവും ബുധനാഴ്ചയിലെ പെരുന്നാൾ നമസ്കാരവും അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. 

ജൂലൈ 21 നാണ് കേരളത്തിൽ ബലിപെരുന്നാളാഘോഷിക്കുന്നത്. കേരളത്തിലെ രണ്ട് പ്രബലമുസ്ലിംസംഘടനകൾ തന്നെ സർക്കാരിനെതിരെ രംഗത്ത് വന്നത് ലോക്ക്ഡൗണിനെതിരായ പ്രതിഷേധങ്ങൾക്കിടെ സർക്കാരിന് പുതിയ തലവേദനയാകുകയാണ്. 

Read More : സർക്കാരും വ്യാപാരികളും നേർക്കുനേർ, മറ്റന്നാൾ മുതൽ എല്ലാ കടകളും എല്ലാ ദിവസവും തുറക്കും

click me!