
കൊച്ചി: പെരുമ്പാവൂരില്‍ തൊഴുത്തിന് സമാനമായ കെട്ടിടത്തില്‍ ദുരിത ജീവിതം നയിച്ചിരുന്ന അതിഥി തൊഴിലാളികളെ തഹസില്‍ദാർ ഇടപെട്ട് മാറ്റിപ്പാർപ്പിച്ചു. ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിട്ടും തൊഴിലാളികളെ മാറ്റാതിരുന്നതില്‍ നഗരസഭയുടെ അനാസ്ഥയുണ്ടെന്നും ആക്ഷേപമുണ്ട്.
ഒരു വശത്ത് കാലിത്തൊഴുത്ത്, മറുവശത്ത് ചാണകക്കുഴി, സമീപത്തായി മലിനജലം ഒഴുകിപ്പോകുന്ന ഒരു തോടും, ഈ മാലിന്യം ചവിട്ടിയും ദുർഗന്ധം സഹിച്ചുമാണ് 42 അതിഥി തൊഴിലാളികള്‍ പെരുമ്പാവൂരില്‍ ജീവിച്ചിരുന്നത്. ഇതില്‍ ട്രാൻസ്ജൻഡറായ ചിലരും ഉല്‍പ്പെടുന്നു. ഭക്ഷണപ്പൊതികളുമായി ഇവിടെയെത്തിയ ചില സന്നദ്ധപ്രവർത്തകരാണ് ഇവരുടെ ദുരിതജീവിതം കണ്ടറിഞ്ഞ് പുറംലോകത്തെ അറിയിച്ചത്.
കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതി ആരോഗ്യവകുപ്പ് കെട്ടിട ഉടമയായ ഇബ്രാഹീമിന് നോട്ടീസ് നല്‍കിയിരുന്നതാണ്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. നഗരസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വാർഡ് കൗണ്‍സിലറോ മറ്റ് ഉദ്യോഗസ്ഥരോ അന്വേഷിച്ചെത്തിയില്ലെന്നും ആക്ഷേപമുണ്ട്. തുടർന്നാണ് കുന്നത്തുനാട് തഹസില്‍ദാർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. പിന്നീട് തഹസില്‍ദാർ ഇടപെട്ട് തൊഴിലാളികളെ വൃത്തിയുള്ള മറ്റൊരു സ്ഥലത്തേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam