മുലപ്പാല്‍ ദാനം ചെയ്തത് 4673 അമ്മമാര്‍; ഇതുവരെ നൽകിയത് 17,307 കുഞ്ഞുങ്ങള്‍ക്ക്, കേരളത്തിന്റെ മില്‍ക്ക് ബാങ്ക് വന്‍വിജയം

Published : Aug 01, 2025, 05:18 PM IST
breast milk bank

Synopsis

കേരളത്തിലെ വിവിധ ആശുപത്രികളിൽ സ്ഥാപിച്ച മുലപ്പാൽ ബാങ്കുകൾ വൻ വിജയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 17,307 കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകി, 4673 അമ്മമാർ മുലപ്പാൽ ദാനം ചെയ്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ സ്ഥാപിച്ച മുലപ്പാല്‍ ബാങ്കുകള്‍ വന്‍ വിജയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, തൃശൂര്‍ മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് ഈ സര്‍ക്കാരിന്റെ കാലത്ത് മുലപ്പാല്‍ ബാങ്ക് സ്ഥാപിച്ചത്. തിരുവനന്തപുരം എസ് എ.ടി. ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും മുലപ്പാല്‍ ബാങ്കുകള്‍ സജ്ജമായി വരുന്നു.

3 മുലപ്പാല്‍ ബാങ്കുകളില്‍ നിന്നായി ഇതുവരെ 17,307 കുഞ്ഞുങ്ങള്‍ക്കാണ് മുലപ്പാല്‍ നല്‍കിയത്. 4673 അമ്മമാരാണ് മുലപ്പാല്‍ ദാനം ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 11,441 കുഞ്ഞുങ്ങള്‍ക്കും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 4870 കുഞ്ഞുങ്ങള്‍ക്കും എറണാകുളം ജനറല്‍ ആശുപത്രിയില്‍ 996 കുഞ്ഞുങ്ങള്‍ക്കുമാണ് മുലപ്പാല്‍ നല്‍കിയത്. ഈ പദ്ധതി വിജയകരമായതിനെ തുടര്‍ന്ന് കൂടുതല്‍ ആശുപത്രികളില്‍ മുലപ്പാല്‍ ബാങ്ക് സജ്ജമാക്കും. കൂടുതല്‍ ആശുപത്രികളില്‍ മില്‍ക്ക് ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ വളരെയധികം കുഞ്ഞുങ്ങള്‍ക്ക് പ്രയോജനകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആഗസ്റ്റ് 1 മുതല്‍ ആഗസ്റ്റ് 7 വരെ മുലയൂട്ടല്‍ വാരാചരണം നടക്കുകയാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മുലപ്പാല്‍. ആദ്യ ഒരു മണിക്കൂറില്‍ നവജാതശിശുവിന് മുലപ്പാല്‍ നല്‍കേണ്ടതും ആദ്യ ആറ് മാസം മുലപ്പാല്‍ മാത്രം നല്‍കേണ്ടതും ഏറെ അത്യാവശ്യമാണ്. എന്നാല്‍ അമ്മമാരുടെ പകര്‍ച്ചവ്യാധികള്‍, ജന്മനാ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍, വെന്റിലേറ്ററിലുള്ള അമ്മമാര്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടാന്‍ സാധിക്കാറില്ല. അത്തരത്തിലുള്ള കുട്ടികള്‍ക്ക് കൂടി മുലപ്പാല്‍ ഉറപ്പാക്കാനാണ് മില്‍ക്ക് ബാങ്ക് സജ്ജമാക്കിയത്.

സേവന സന്നദ്ധരായ മുലയൂട്ടുന്ന അമ്മമാരില്‍ നിന്നും മുലപ്പാല്‍ ശേഖരിച്ച് വിവിധ പ്രക്രിയകളിലൂടെയും സ്‌ക്രീനിങ്ങുകളിലൂടെയും സംഭരിച്ച് ആവശ്യമായ ശിശുക്കള്‍ക്ക് ആരോഗ്യകരവും ശുദ്ധവുമായ മുലപ്പാല്‍ വിതരണം ചെയ്യുന്നു. ആശുപത്രിയിലെത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാരുമാരും ജീവനക്കാരുമാണ് പ്രധാന ദാതാക്കള്‍. സ്വന്തം കുഞ്ഞിന് അസുഖം കാരണം മുലപ്പാല്‍ കുടിക്കാന്‍ പറ്റാത്ത സാഹചര്യമുള്ള അമ്മമാര്‍ക്കും മുലപ്പാല്‍ ദാനം ചെയ്യാം. ബാക്റ്റീരിയകളുടെ സാന്നിദ്ധ്യം ഇല്ല എന്നുറപ്പാക്കിയാണ് പാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. ഫ്രീസറിനുളളില്‍ ഇത് മാസങ്ങളോളം സൂക്ഷിക്കാനുമാകും.

മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പും വനിതാ ശിശുവികസന വകുപ്പും പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. പൊതുയിടങ്ങളിലും ആശുപത്രികളിലും മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചു. അമ്മയ്ക്കും കുഞ്ഞിനും ഗുണനിലവാരമുള്ളതും സൗഹൃദവുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി ആരംഭിച്ചു. 45 ആശുപത്രികളില്‍ മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പ്രകാരമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അമ്മമാര്‍ മുലയൂട്ടല്‍ അവരുടെ കടമയായി ഏറ്റെടുക്കുകയും കുടുംബാംഗങ്ങള്‍ അവര്‍ക്ക് ആവശ്യമായ പിന്തുണയും സഹായവും ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി നല്‍കാന്‍ കഴിയുന്ന അമൂല്യമായ ഒന്നാണ് മുലയൂട്ടലെന്നും ആരോഗ്യവകുപ്പ് ഓര്‍മിപ്പിക്കുന്നു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദിലീപ് അനുകൂല പ്രസ്താവന വേണ്ടിയിരുന്നില്ലെന്ന് സണ്ണി ജോസഫ്; 'അടൂർ പ്രകാശ് പറഞ്ഞതല്ല കോൺ​ഗ്രസ് നിലപാട്'
രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും