ഒരു വർഷത്തിനിടെ മരിച്ചത് 49 പേർ; പത്തനംതിട്ട ജില്ലയിലെ നദികളിൽ മുങ്ങി മരണം കൂടുന്നു

By Web TeamFirst Published May 9, 2019, 7:30 AM IST
Highlights

ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്‍റെ കണക്കനുസരിച്ച് 2018 ജനുവരി മുതൽ 2019 ഏപ്രിൽ വരെ ഒൻപത് വയസ്സുള്ള കുട്ടി മുതൽ 83 വയസ് വരെ പ്രായമുള്ളവർ മുങ്ങിമരിച്ചിട്ടുണ്ട്

പത്തനംതിട്ട: ജില്ലയിലെ നദികളിൽ മുങ്ങി മരണം കൂടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു വ‍‍‍ർഷത്തിനുള്ളിൽ 49 പേരാണ് മുങ്ങി മരിച്ചത്. കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ ജില്ലാ ഭരണകൂടം ബോധവത്കരണ പരിപാടികൾ നടത്തും. 

പ്രധാന നദികളായ പമ്പ, കല്ലടാർ, അച്ചൻകോവിലാർ എന്നിവിടങ്ങളിലാണ് കൂടുതൽ മുങ്ങിമരണങ്ങൾ ഉണ്ടായിട്ടുള്ളത്. ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്‍റെ കണക്കനുസരിച്ച് 2018 ജനുവരി മുതൽ 2019 ഏപ്രിൽ വരെ 49 പേർ മുങ്ങി മരിച്ചിട്ടുണ്ട്. 9 വയസ്സുള്ള കുട്ടി മുതൽ 83 വയസ് വരെ പ്രായമുള്ളവർ  ഇക്കൂട്ടത്തിൽ ഉണ്ട്. മുൻ വർഷത്തേക്കാൾ ഇരട്ടി ആളുകളാണ് ഈ വർഷം മുങ്ങിമരിച്ചത്. 

മരിച്ചവരിൽ അധികവും നീന്തൽ അറിയാത്തവരാണ്. പമ്പാ നദിയിൽ പെരിനാട്, വടശ്ശേരിക്കര, ആറന്മുള ഭാഗങ്ങളിലും അച്ചൻകോവിലാറ്റിലെ കോന്നി , വള്ളിക്കോട് , പ്രമാടം ഭാഗങ്ങളിലുമാണ് കൂടുതൽ പേർ അപകടത്തിൽപ്പെട്ടത്. കൂടാതെ കല്ലടയാറ്റിലെ വിവിധ മേഖലകളിലും മരണങ്ങളുണ്ടായി. നദികളിലെ അപകട മേഖലകൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നതിനും മരണങ്ങൾ ഇല്ലാതാക്കാനുമായി വിശദമായ പദ്ധതിയാണ് ജില്ലാ ഭരണകൂടം തയ്യാറാക്കുന്നത്. പ്രളയത്തിന് ശേഷമാണ് ജില്ലയിൽ മുങ്ങിമരണം കൂടുതൽ റിപ്പോർട്ട് ചെയ്ത്. ഏഴുപേരായിരുന്നു പ്രളയത്തിൽപ്പെട്ട് മരിച്ചത്.

click me!