ചലച്ചിത്ര അവാർഡ്: മികച്ച സംവിധായകനെ ചൊല്ലി തര്‍ക്കം, അധ്യക്ഷന്‍ ഇറങ്ങിപ്പോയി

By Web TeamFirst Published Feb 27, 2019, 8:11 PM IST
Highlights

മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ കാന്തൻ- ദി ലവർ ഓഫ് കള‌റിന്‍റെ സംവിധായകൻ സി ഷെരീഫിന് തന്നെ മികച്ച സംവിധായകനുള്ള അവാർഡും നൽകണമെന്ന് ജൂറി ചെയർമാൻ നിർബന്ധം പിടിച്ചു. എന്നാൽ ജൂറി ചെയർമാന്‍റെ നിർദേശം മറ്റ് അംഗങ്ങൾ നിരസിച്ചുവെന്നും ഇതോടെ രോഷാകുലനായ ചെയർമാൻ കുമാർ സാഹ്നി വിധി നിർണയത്തിൽ നിന്നും ഇറങ്ങിപ്പോയെന്നുമാണ് പുറത്തു വരുന്ന വാർത്തകൾ. 

തിരുവനന്തപുരം: 49ാമത്  സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിനിടെ ജൂറിയിൽ രൂക്ഷമായ തർക്കമുണ്ടായതായി റിപ്പോർട്ട്. അഭിപ്രായ ഭിന്നതകളെ തുടർന്ന് അവസാന സെഷനിൽ നിന്ന് ജൂറി ചെയർമാൻ കുമാർ സാഹ്നി ഇറങ്ങിപ്പോയി.

മികച്ച സംവിധായകനുള്ള പുരസ്കാരത്തിന്‍റെ പേരിലായിരുന്നു തർക്കം. മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ കാന്തൻ- ദി ലവർ ഓഫ് കള‌റിന്‍റെ സംവിധായകൻ സി ഷെരീഫിന് തന്നെ മികച്ച സംവിധായകനുള്ള അവാർഡും നൽകണമെന്ന് ജൂറി ചെയർമാൻ  കുമാർ സാഹ്നി നിർബന്ധം പിടിച്ചു. എന്നാൽ ജൂറി ചെയർമാന്‍റെ നിർദേശം മറ്റ് അംഗങ്ങൾ നിരസിച്ചുവെന്നും ഇതോടെ രോഷാകുലനായ ചെയർമാൻ  വിധി നിർണയത്തിൽ നിന്നും ഇറങ്ങിപ്പോയെന്നുമാണ് പുറത്തു വരുന്ന വാർത്തകൾ. 

ജൂറി ചെയർമാനെ അനുനയിപ്പിക്കാൻ അക്കാദമി അംഗങ്ങൾ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മികച്ച നടനുള്ള പുരസ്കാരത്തിനായി ജയസൂര്യയും സൗബിനും കടുത്ത മത്സരമുണ്ടായെന്നും ഒടുവിൽ വോട്ടെടുപ്പിലൂടെയാണ് ഇരുവർക്കും അവാർഡ് പങ്കിട്ടു നൽകാനുള്ള തീരുമാനം കൈക്കോണ്ടതെന്നും അക്കാദമിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ജൂറി ചെയർമാനും അക്കാദമി സെക്രട്ടറിയും വിട്ടുനിന്ന വോട്ടെടുപ്പിൽ സമിതിയിലെ നാലു പേർ വീതം ജയസൂര്യയ്ക്കും സൗബിനും വോട്ട് ചെയ്യുകയായിരുന്നു. ഇതോടെയാണ് പുരസ്കാരം ഇരുവർക്കും തുല്യമായി പങ്കിട്ടു നൽകാൻ സമിതി തീരുമാനിച്ചത്.

ചലച്ചിത്ര പുരസ്കാര പ്രഖ്യാപന ചടങ്ങിലും ജൂറി ചെയർമാൻ കുമാർ സാഹ്നി പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് ചെയർമാൻ ചടങ്ങിൽ നിന്നും വിട്ടു നിൽക്കുന്നതെന്നാണ് ആക്കാദമി നൽകിയ വിശദീകരണം.

എന്നാൽ പുരസ്കാര വിജയികളെ തിരഞ്ഞെടുക്കുന്നതിലെ കടുത്ത ഭിന്നതകൾ മൂലമാണ് കുമാർ സാഹ്നി ചടങ്ങിൽ നിന്നും വിട്ടു നിന്നതെന്നാണ് പുറത്തു വരുന്ന വിവരം. പുരസ്കാര പ്രഖ്യാപനത്തിന് ശേഷവും ജൂറി ചെയർമാനെ അനുനയിപ്പിക്കാൻ അക്കാദമി അംഗങ്ങൾ ശ്രമിച്ചെങ്കിലും കുമാർ സാഹ്നി സഹകരിച്ചില്ല.    

click me!