പുറത്താക്കിയവരെ കെഎസ്ആർടിസിയിൽ തിരിച്ചെടുക്കുന്നതിന് തടസമുണ്ടെന്ന് സർക്കാർ

By Web TeamFirst Published Feb 27, 2019, 6:10 PM IST
Highlights

പിരിച്ചു വിട്ട എംപാനൽ ജീവനക്കാർ സെക്രട്ടേറിയറ്റിന് സമീപത്തെ മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. സമരം മുഖ്യമന്ത്രിയുടെ വീടിന് മുന്നിലേക്ക് മാറ്റാനൊരുങ്ങി സമരസമിതി.

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നിന്നും പിരിച്ചു വിട്ട താത്കാലിക കണ്ടക്ടർമാരെയെല്ലാം തിരിച്ചെടുക്കുന്നതിന് സാങ്കേതിക തടസ്സമുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. പുറത്താക്കപ്പെട്ട എംപാനൽ ജീവനക്കാരുടെ സമരം 38-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് തിരിച്ചെടുക്കാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കിയത്. ഇതോടെ പിരിച്ചു വിട്ട എംപാനൽ ജീവനക്കാർ സെക്രട്ടേറിയറ്റിന് സമീപത്തെ മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. ഇവരെ പിന്നീട് പൊലീസും ഫയർ ഫോഴ്സും ചേർന്ന് അനുനയിപ്പിച്ചു താഴെയിറക്കുകയായിരുന്നു.  

പിരിച്ചു വിട്ടവരെ  തിരിച്ചെടുക്കുന്നതു വരെ സമരം തുടരുമെന്നാണ് താത്കാലിക കണ്ടക്ടര‍മാരുടെ നിലപാട്. നിയമസഭാ സമ്മേളനത്തിനിടെ മുഖ്യമന്ത്രിയുമായും ഗതാഗതമന്ത്രിയുമായും ഇവർ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും അനുകൂല തീരുമാനമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താൻ ഉദ്ദേശിച്ചെങ്കിലും ഇടത് മുന്നണി കണ്‍വീനറുടെ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ അത് നേരത്തെ പിൻവലിച്ചിരുന്നു. 

ഇന്നത്തെ മന്ത്രിസഭായോഗത്തിലെങ്കിലും അനുകൂല തീരുമാനമുണ്ടാകുമെന്നായിരുന്നു സമരസമിതിയുടെ പ്രതീക്ഷ. എന്നാൽ മന്ത്രിസഭായോ​ഗത്തിലും തങ്ങളുടെ ആവശ്യം നിരാകരിക്കപ്പെട്ടതോടെ നിരാശരായ സമരസമിതി അംഗങ്ങൾ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. സര്‍ക്കാരിന്‍റെ 1000 ദിനാഘോഷം നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിന്‍റെ സമീപത്തെ മരത്തിലാണ് നാല് പേർ ആത്മഹത്യാ ഭീഷണി മുഴക്കി കയറിയത്. പോലീസും അഗ്നിശമനസേനാ പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ പിന്നീട് അനുനയിപ്പിച്ച് താഴെയിറക്കി.

ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് 3861താത്കാലിക കണ്ടക്ടര്മാരെ കെഎസ്ആർടിസി പിരിച്ചുവിട്ടത്. നിയമനം പി.എസ്.സി വഴി വേണമെന്നും പിന്‍വാതില്‍ നിയമനം പാടില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒഴിവുകള്‍ നിര്‍ണയിക്കാനുള്ള നടപടി കെഎസ്ആർടിസി ആരംഭിച്ചിട്ടുണ്ട്. പിരിച്ചുവിട്ട കണ്ടക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാൻ സാധിക്കുമോ എന്ന് പരിശോധിച്ചു വരികയാണെന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. അതേസമയം സമരം മുഖ്യമന്ത്രിയുടെ വീടിന് മുന്നിലേക്ക് മാറ്റാനൊരുങ്ങുകയാണ് പുറത്താക്കപ്പെട്ട കെഎസ്ആർടിസി ജീവനക്കാർ. 

click me!