
തിരുവനന്തപുരം: അഞ്ചാമത് ടി.എൻജി പുരസ്കാര ജേതാവിനെ ഇന്നറിയാം. അവസാന റൗണ്ടിലെത്തിയ നാല് എൻട്രികളിൽ നിന്നാണ് ജേതാവിനെ പ്രഖ്യാപിക്കുക. ടിഎൻജിയുടെ ചരമവാർഷിക ദിനമായ നാളെ വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
പരിചിതർ പോലും അകന്നിരുന്ന കൊവിഡ് കാലത്ത് അസാധാരണ തീരുമാനത്തിലൂടെ ഒരു കുടുംബത്തെ ചേർത്ത് നിർത്തിയ ഡോ.മേരി അനിത. ഇതരസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിന് പോറ്റമ്മയായ മാറുതയായിരുന്നു അനിത, പത്തനംതിട്ട ജില്ലയെ പ്രതിസന്ധികാലത്ത് മികവോടെ നയിച്ച പി ബി നൂഹ് ഐഎഎസ്, കരിപ്പൂരിൽ വിമാനദുരന്തത്തിൽ പെട്ടവരെ രക്ഷിക്കാൻ തടസ്സങ്ങൾ വകവെക്കാതെ മുന്നിട്ടിറങ്ങിയ മനുഷ്യത്വമുളള മുഖങ്ങൾ, കാസർകോടിന് തുണയായി കൊവിഡ് ചികിത്സയ്ക്ക് ആശുപത്രിയൊരുക്കിയ ടാറ്റാ ഗ്രൂപ്പ് എന്നിവരാണ് അവസാന റൗണ്ടിലെത്തിയ നാല് എൻട്രികള്‍. ഈ കൂട്ടത്തിൽ ആര്‍ക്കാവും അഞ്ചാമത് ടിഎൻജി പുരസ്കാരമെന്ന് ഇന്നറിയാം.
മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഐഎഎസ്, മുൻ ഡിജിപി ഹേമചന്ദ്രൻ ഐപിഎസ്, ദില്ലി സെന്‍റ് സ്റ്റീഫൻ കോളേജ് പ്രിൻസിപ്പലായിരുന്ന റവറന്‍റ് ഫാദർ വത്സൻ തമ്പു എന്നിവർ അംഗങ്ങളായ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുക്കുക. രണ്ട് ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവുമാണ് പുരസ്കാരം. ടിഎൻജിയുടെ ഓർമദിനമായ നാളെ വൈകീട്ട് 5 മണിക്ക് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മിസോറം ഗവർണർ പി എസ് ശ്രീധരൻ പിളള പുരസ്കാരം സമ്മാനിക്കും. ചടങ്ങിൽ മന്ത്രി കടകംപളളി സുരേന്ദ്രൻ, മുൻ മന്ത്രി വിഎം സുധീരൻ എന്നിവർ പങ്കെടുക്കും. ടെലിഗ്രാഫ് എഡിറ്റർ ആർ രാജഗോപാൽ ടിഎൻജി അനുസ്മരണപ്രഭാഷണം നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam