
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം. പാലക്കാട് ചാലിശ്ശേരിയിൽ എലിപ്പനി ബാധിച്ച് മധ്യവയസ്കനാണ് മരിച്ചു. തണ്ണീർക്കോട് കൊല്ലഴിപ്പാടി സ്വദേശി കൃഷ്ണൻ ആണ് മരിച്ചത്. 50 വയസായിരുന്നു. കടുത്ത പനി ബാധിച്ച് ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
എന്താണ് എലിപ്പനി?
മഴക്കാലത്തും തുടർന്നുമുണ്ടാകുന്ന പകർച്ചവ്യാധികളിലൊന്നാണ് ഇംഗ്ലീഷിൽ ലെപ്റ്റോസ്പൈറൊസിസ്(Leptospirosis), വീൽ സ് ഡിസീസ് (Weil’s Disease) എന്നീ പേരുകളിൽ അറിയപ്പെടുന്ന എലിപ്പനി. ലെപ്ടോസ്പൈറ (Leptospira) ജനുസ്സിൽപ്പെട്ട ഒരിനം സ്പൈറോകീറ്റ (Spirocheta), മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് (Zoonosis) 'എലിപ്പനി'. പ്രധാന രോഗവഹകർ എലി, കന്നുകാലികൾ, നായ , പന്നി, കുറുക്കൻ, ചിലയിനം പക്ഷികൾ എന്നിവയാണ്. എലികളുടെ മൂത്രത്തിലൂടെയാണ് എലിപ്പനി പ്രധാനമായും വ്യാപിക്കുന്നത്.
രോഗലക്ഷണങ്ങൾ എന്തെല്ലാം?
ലെപ്ടോസ്പൈറ ശരീരത്തിൽ കടന്നുകൂടുന്നതു മുതൽ രോഗം പ്രത്യക്ഷമാകുന്നതിനുള്ള ഇടവേള (incubation period ) സാധാരണ 10 ദിവസമാണ്. ഇത് 4 മുതൽ 20 ദിവസം വരെ ആകാം. രോഗാണു രക്തത്തിൽ വളരെ വേഗം പെരുകുന്നു. ശക്തമായ വിറയലോടുകൂടിയ പനി, കുളിര് , തളർച്ച , ശരീരവേദന, തലവേദന , ഛർദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ചില ആളുകൾക്ക് വിശപ്പില്ലായ്മ, മനംപിരട്ടൽ എന്നീ ലക്ഷണങ്ങൾ കൂടി ഉണ്ടാകാറുണ്ട്. കണ്ണിനു ചുവപ്പ്, നീർവീഴ്ച , വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നീ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. തലവേദന, തലയുടെ പിൻഭാഗത്തുനിന്നും തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കുന്നു. ചിലർക്ക് രോഗം പിടിപെട്ടു ഒരാഴ്ച്ചയ്ക്കുള്ളിൽ കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം, നാഡി, ഞരമ്പ് എന്നിവയുടെ പ്രവർത്തനം തകരാറിലാവുകയും രക്ത സ്രാവത്തിനു ഇടയാക്കുകയും ചെയ്യുന്നു. രോഗം സങ്കീർണമായാൽ മരണം വരെ സംഭവിക്കാം. തുടക്കത്തിലേ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ എലിപ്പനി പൂർണമായും ഭേദമാക്കാനാക്കും.