
തിരുവനന്തപുരം: സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകളുടെ എണ്ണം വീണ്ടും ഉയർത്തി. 500 എംബിബിഎസ് സീറ്റുകൾ കൂടി അധികമായി അനുവദിച്ചു. സംസ്ഥാനത്തെ ഏഴ് സ്വകാര്യ മെഡിക്കൽ കോളേജുകളിലായാണ് 500 സീറ്റുകൾ അധികമായി അനുവദിച്ചത്. ദേശീയ മെഡിക്കൽ കമ്മീഷൻ്റെ അനുമതിയോടെ സംസ്ഥാനത്തെ ആരോഗ്യ സർവകലാശാലയാണ് സീറ്റുകൾ ഉയർത്തിയത്. തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, മലബാർ മെഡിക്കൽ കോളേജ്, ട്രാവൻകൂർ മെഡിക്കൽ കോളേജ്, അൽ അസർ മെഡിക്കൽ കോളേജ്, എസ്‌യുടി, പികെ ദാസ് മെഡിക്കൽ കോളേജ്, കേരള മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ മെഡിക്കൽ സീറ്റുകളാണ് വർധിപ്പിച്ചത്.
നേരത്തെ നൂറ് മെഡിക്കൽ സീറ്റുകൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ അധികമായി അനുവദിച്ചിരുന്നു. ഇതോടെ ഈ അക്കാദമിക് വർഷം സംസ്ഥാനത്തെ മെഡിക്കൽ സീറ്റുകളിൽ 600 സീറ്റുകൾ വർധിച്ചു. ഈ സാഹചര്യത്തിൽ 600 വിദ്യാർത്ഥികൾക്ക് കൂടി കേരളത്തിൽ എംബിബിഎസ് പഠിക്കാൻ സാധിക്കും. ഇതോടെ സംസ്ഥാനത്തെ ആകെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 5155 ആയി ഉയർന്നു. ഈ വർഷം എൻട്രൻസ് പരീക്ഷ എഴുതിയവർക്ക് ഈ അധിക സീറ്റുകളിൽ പ്രവേശനം നേടാനാവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam