
കൊല്ലം: ശബരിമല പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്നും കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 51 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ചാലക്കയത്താണ് അപകടമുണ്ടായത്. പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് പോയ ചെയിൻ സർവീസ് ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ യാത്രക്കാരായ 51 അയ്യപ്പ ഭക്തർക്ക് പരിക്കേറ്റു.
പരുക്കേറ്റവരെ പമ്പ ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 13 പേരുടെ പരിക്ക് സാരമുള്ളതാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പത്തനംതിട്ട പമ്പ പാതയിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പൊലീസും ഫയർഫോഴ്‌സും മോട്ടോർ വാഹന വകുപ്പും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
കെഎസ്ആർടിസി മാത്രം സർവീസ് നടത്തുന്ന ശബരിമല പാതയിൽ കഴിഞ്ഞ ദിവസങ്ങളിലും സമാനമായ നിലയിൽ അപകടങ്ങൾ ഉണ്ടായിരുന്നു. തീർത്ഥാടകർക്ക് പൊതുഗതാഗത രംഗത്ത് ശബരിമല പാതയിൽ ഏക ആശ്രയമായ കെഎസ്ആർടിസി അപകടങ്ങൾ പതിവാകുന്നത് ഭക്തർക്ക് വലിയ ആശങ്കയാണ് സ-ഷ്ടിക്കുന്നത്. അപകടങ്ങൾ ആവർത്തിക്കുന്നതിൽ കെഎസ്ആർടിസി മാനേജ്മെൻ്റ് പ്രതികരിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam