
പത്തനംതിട്ട: ശബരിമലയിൽ തിരക്ക് തുടരുന്നു. ഇന്ന് ആഖ മണി വരെ ദർശനം നടത്തിയത് 75463 ഭക്തരാണ്. ഇന്ന് ഇതുവരെ ഏഴായിരത്തിന് മുകളിൽ ആളുകൾക്ക് സ്പോട്ട് ബുക്കിംഗ് വഴി പ്രവേശനം നൽകിയിട്ടുണ്ട്. തിരക്ക് അനുസരിച്ച് പമ്പയിൽ നിന്നും നിലയ്ക്കൽ നിന്നും ബച്ചുകളായി തിരിച്ചാണ് വിശ്വാസികളെ മല കയറാൻ അനുവദിക്കുന്നത്. എത്തുന്നവർക്കെല്ലാം സുഗമമായ ദർശനം ലഭിക്കുന്നത് വിശ്വാസികളെ സംബന്ധിച്ച് ആശ്വാസം ആണ്. ഇന്നലെ ഒരു ലക്ഷത്തിന് മുകളിൽ ഭക്തർ സന്നിധാനത്ത് എത്തിയിരുന്നു. 7 ജില്ലകളിൽ നടന്ന വോട്ടെടുപ്പ് ഇന്ന് എത്തിയ ഭക്തരുടെ എണ്ണത്തെ ബാധിച്ചിട്ടുണ്ട് എന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.
അതേസമയം സത്രം പുല്ലുമേട് വഴിയുള്ള ഭക്തരുടെ വരവിൽ ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 7 മണി മുതൽ പകൽ 12വരെ മാത്രമായിരിക്കും ഇതുവഴി ഇനി പ്രവേശനം അനുവദിക്കൂ. നേരത്തെ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ഭക്തർക്ക് വഴി തുറന്നു കൊടുക്കുമായിരുന്നു. ഒരു മണിയ്ക്ക് യാത്ര ആരംഭിക്കുന്നവർ സന്നിധാനത്ത് എത്താൻ വൈകുന്നത് കണക്കിലെടുത്താണ് തീരുമാനം.