മരടിലെ ഫ്ലാറ്റുകൾ പൊളിയ്ക്കാൻ വേണ്ടത് ആറ് സെക്കന്‍റ്: പൊളിക്കാൻ ചെലവ് മൂന്ന് കോടി രൂപ

By Web TeamFirst Published Oct 12, 2019, 6:10 AM IST
Highlights

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനായി തിരഞ്ഞെടുത്ത കമ്പനികൾക്ക് ഇന്ന് നടക്കുന്ന നഗരസഭ കൗൺസിൽ അംഗീകാരം നൽകും. ഇതിന് ശേഷമാകും ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറുക.പൊളിപ്പിക്കൽ നടപടികൾ ഒന്നരമാസം കൊണ്ട് പൂർത്തിയാക്കാനാണ് നീക്കം.

കൊച്ചി:മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ വേണ്ടത് ആറ് സെക്കൻറിൽ താഴെ സമയം മാത്രമെന്ന് പൊളിക്കൽ ചുമതല ഏറ്റെടുത്ത കമ്പനികൾ പൊളിപ്പിക്കൽ നടപടികൾ ഒന്നരമാസം കൊണ്ട് പൂർത്തിയാക്കും. പൊളിക്കുമ്പോൾ കെട്ടിടത്തിന്റെ  പത്തു മീറ്റർ ചുറ്റളവിനപ്പുറത്തേക്ക് പ്രകമ്പനമുണ്ടാകില്ലെന്നും കമ്പനികളിലൊന്നായ എഡിഫെസ് കമ്പനി  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനായി തിരഞ്ഞെടുത്ത കമ്പനികൾക്ക് ഇന്ന് നടക്കുന്ന നഗരസഭ കൗൺസിൽ അംഗീകാരം നൽകും. ഇതിന് ശേഷമാകും ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറുക. മുംബൈ ആസ്ഥാനമായ എഡിഫെസ് എഞ്ചിനീയറിംഗ്, ചെന്നൈ ആസ്ഥാനമായ വിജയ് സ്റ്റീൽസ് എന്നീ കമ്പനികളെയാണ് സാങ്കേതിക സമിതി ഫ്ലാറ്റുകൾ പൊളിക്കാനായി തെരഞ്ഞെടുത്തത്. പത്ത് ദിവസത്തിനകം ഫ്ലാറ്റുകൾ പൊളിക്കുന്നതിനെ കുറിച്ച് കൃത്യമായ രൂപരേഖ കമ്പനികൾ സർക്കാരിന് നൽകണം. അതേ സമയം മരടിലെ ഫ്ലാറ്റുടമകൾ ഇന്ന് അൽഫാ ഫ്ലാറ്റിൽ യോഗം ചേരുന്നുണ്ട്.

സുപ്രീം കോടതി ഉത്തരവ് പ്രകാരം മരടിൽ പൊളിക്കേണ്ടത് നാല് ഫ്ലാറ്റുകൾ ആണ്. അതിലൊന്നായ അൽഫാ വെഞ്ചേഴ്സിന് രണ്ട് കെട്ടിടങ്ങൾ ഉള്ളതിനാൽ ആകെ പൊളിക്കാനുള്ളത് അഞ്ച് കെട്ടിടങ്ങൾ . ഇതിൽ മൂന്ന് കെട്ടിടങ്ങളായിരിക്കും എഡിഫെസ് കമ്പനി പൊളിക്കുക. ഏറ്റവും ഫലപ്രദമായ രണ്ട് രീതികളാണ് പൊളിക്കാനായി കമ്പനികൾ സ്വീകരിക്കുക. കെട്ടിടം ചീട്ടു കൊട്ടാരം പോലെ നിലം പതിക്കുന്നതാണ് അതിലൊന്ന്.

പത്തൊൻപത് നിലകളുള്ള ഒരു കെട്ടിടത്തിന്‍റെ അഞ്ച് നിലകളിൽ സ്ഫോടക വസ്തുക്കൾ  സ്ഥാപിക്കും. കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിൽ ആദ്യം സ്ഫോടനമുണ്ടാകും. നിമിഷങ്ങൾക്കകം കെട്ടിടം നിലംപതിക്കും. ലംബാകൃതിയിലുള്ള മൂന്ന് ഭാഗങ്ങളായി കെട്ടിടം  പൊളിക്കുന്നതാണ് രണ്ടാമത്തെ മാതൃക. രണ്ട് രീതികൾക്കും ആവശ്യം ആറ് സെക്കന്‍റിൽ താഴെ മാത്രം സമയമെന്ന് എ‍ഡിഫെസ് കമ്പനിയിൽ നിന്നുള്ള വിദഗ്ധൻ  ഉത്ത്കർഷ് മെഹ്ത പറയുന്നു.

ഫ്ലാറ്റുകൾ നിലനിൽക്കുന്ന സ്ഥലവും പരിസരവും പരിഗണിച്ചായിരിക്കും ഏത് രീതി സ്വീകരിക്കണമെന്ന കാര്യത്തിൽ കമ്പനികൾ അന്തിമ തീരുമാനം എടുക്കുക. അതേ സമയം പരിസ്ഥിതി ആഘാതമുൾപ്പടെയുള്ള കാര്യങ്ങളിൽ ആശങ്കപ്പെടേണ്ടതില്ലെന്ന്  കമ്പനികൾ ഉറപ്പ് നൽകുന്നു. സ്ഫോടനത്തിൽ കെട്ടിടാവശിഷ്ടങ്ങൾ ഫ്ലാറ്റുകൾ നിലനിൽക്കുന്ന പരിധിക്കപ്പുറത്തേക്ക് പോകില്ലെന്നും നൂറ് മീറ്ററിനപ്പുറത്തേക്ക് പൊടിപടലങ്ങളും ഉണ്ടാകില്ലെന്നും കമ്പനികൾ പറയുന്നു. 

Read More: ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള കരാര്‍ കമ്പനികളെ തീരുമാനിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സബ് കളക്ടർ

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിജയ് സ്റ്റീൽസ് ആണ് പൊളിക്കൽ ചുമതലയേറ്റെടുത്ത മറ്റൊരു കമ്പനി. അൽഫ ഫ്ലാറ്റിലെ ഇരുനില കെട്ടിടങ്ങളായിരിക്കും ഇവർ പൊളിച്ചേക്കുക. കെട്ടിടങ്ങൾ ചെരിച്ച് കായലിലേക്ക് പതിപ്പിക്കുന്ന രീതി വേണ്ടെന്നാണ് കമ്പനികളുടെ തീരുമാനം. ഏകദേശം മൂന്ന് കോടി രൂപ പൊളിക്കൽ നടപടികൾക്കായി ചെലവ് വരും. 10 ദിവസത്തിനുള്ളിൽ ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് കൃത്യമായ രൂപരേഖ കമ്പനികൾ സർക്കാരിന് സമർപ്പിക്കണം.

Read More: മരടിലെ ഫ്ലാറ്റ് പൊളിക്കല്‍ : ശരത് ബി സർവാതെ പരിശോധന നടത്തി, കരാര്‍ ആര്‍ക്കൊക്കെ എന്ന് ഇന്ന് തീരുമാനിച്ചേക്കും

click me!