
തിരുവനന്തപുരം: നെടുമങ്ങാടിനടുത്ത് പറയൻകാവ് ചിട്ടിപ്പാറയ്ക്ക് സമീപം അക്കേഷ്യ മരത്തിൽ തൂങ്ങിയ നിലയിൽ മൃതശരീരം കണ്ടെത്തി. ശരീരം ജീര്‍ണിച്ച നിലയിലായിരുന്നു. 10 ദിവസത്തിലധികം പഴക്കം ഉണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. വെഞ്ഞാറമൂട് സ്വദേശി വിജയന്‍ (64) എന്നയാളിന്‍റെതാണ് മൃതശരീരം എന്ന് കണ്ടെത്തിയിട്ടുണ്ട്.
ആനപ്പാറ സർക്കാർ ഭൂമിക്ക് സമീപം രണ്ട് കിലോമീറ്റർ മാറി അക്കേഷ്യ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തിരുവനന്തപുരത്തെ മീശപ്പുലിമല എന്നറിയപ്പെടുന്ന ചിട്ടിപ്പാറയിലേക്ക് നിരവധി വിനോദ സഞ്ചാരികളെത്താറുണ്ട്. ഞായറാഴ്ച ഉച്ചയോടെ ചിട്ടിപ്പാറ കാണാനെത്തിയ വിദ്യാർത്ഥികളാണ് മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാരെയും നെടുമങ്ങാട് പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആലിയാട്ടെ വീട്ടിൽ നിന്ന് 13 ദിവസം മുമ്പാണ് വിജയനെ കാണാതായത്. ബന്ധുക്കൾ വെഞ്ഞാറമൂട് പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയായിരുന്നു. ചിട്ടിപ്പാറയ്ക്ക് സമീപമാണ് വിജയൻ ജനിച്ചു വളർന്നത്. അച്ഛൻ തമ്പിക്ക് ഇവിടെ ഒരേക്കറിൽ അധികം പുരയിടവും വീടും ഉണ്ടായിരുന്നു. ഏതാനും വർഷം മുമ്പാണ് തമ്പി മരിച്ചത്. രണ്ടു വർഷം മുമ്പ് സഹോദരനും ഭാര്യയും മരിച്ചു. ഇവരുടെ കുഴിമാടങ്ങൾക്ക് അടുത്ത് തന്നെയാണ് തൂങ്ങി മരിച്ചത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Read More:എക്സൈസ് ഉദ്യോഗസ്ഥനെ പിടിച്ചുതള്ളി, അസഭ്യം പറഞ്ഞു; ലഹരി പരിശോധന തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം