കഴിഞ്ഞ ഞായറാഴ്ചയാണ് രാഹുലിനെ പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്ന് അന്വേഷണ സംഘം അതീവ രഹസ്യമായ നീക്കത്തിലൂടെ കസ്റ്റഡിയിലെടുക്കുന്നത്.
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി. ബലാത്സംഗ കേസിൽ രാഹുലിന് ജാമ്യമില്ല. രാഹുൽ ജയിലിൽ തുടരും. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുമെന്ന് രാഹുൽ അറിയിച്ചു. തിങ്കളാഴ്ച ഹർജി നൽകും. കഴിഞ്ഞ ഞായറാഴ്ചയാണ് രാഹുലിനെ പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്ന് അന്വേഷണ സംഘം അതീവ രഹസ്യമായ നീക്കത്തിലൂടെ കസ്റ്റഡിയിലെടുക്കുന്നത്.
രണ്ടു മണിക്കൂർ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഇന്നലെ നടത്തിയത്. ഡിജിറ്റൽ തെളിവുകള്‍ അടക്കം കോടതിയിൽ സമര്‍പ്പിച്ചാണ് പ്രതിഭാഗം വാദിച്ചത്. രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിലുള്ള ബന്ധം ഉഭയസമ്മതപ്രകാരമാണ് എന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്‍റെ ശ്രമം. എന്നാൽ പ്രോസിക്യൂഷന്‍റെ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയിരിക്കുന്നത്. രാഹുലിനെതിരെ കൂടുതൽ പരാതികള്‍ പുറത്തുവരും എന്നും പ്രോസിക്യൂഷൻ ഇന്നലെ അറിയിച്ചിരുന്നു.
എംഎൽഎക്കെതിരെ നിരന്തരം പരാതികൾ ആണെന്നും ജാമ്യം നൽകരുതെന്നും ആയിരുന്നു എസ്ഐടിയുടെ വാദം. പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെ എന്ന വാദിച്ച പ്രതിഭാഗം, ചട്ടവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

