'ഒരു കീ.മി റോഡ് നിർമിക്കാൻ 69 കോടി കേന്ദ്രത്തിന് നൽകണം'; സ്വപ്ന പദ്ധതിയുടെ തടസങ്ങൾ എല്ലാം നീങ്ങിയെന്ന് മന്ത്രി

Published : Dec 07, 2024, 05:51 PM IST
'ഒരു കീ.മി റോഡ് നിർമിക്കാൻ 69 കോടി കേന്ദ്രത്തിന് നൽകണം'; സ്വപ്ന പദ്ധതിയുടെ തടസങ്ങൾ എല്ലാം നീങ്ങിയെന്ന് മന്ത്രി

Synopsis

തിരുവനന്തപുരത്തു ചേർന്ന മന്ത്രിതല യോഗത്തിന്‍റെ നിർദ്ദേശപ്രകാരം കിഫ്ബി അനുവദിച്ച 569.34 കോടി രൂപ നോഡൽ ഏജൻസിയായ ആർബിഡിസികെ റവന്യു വകുപ്പിന് കൈമാറി

തിരുവനന്തപുരം: സീപോ൪ട്ട്-എയ൪പോ൪ട്ട് റോഡ് രണ്ടാം ഘട്ട നിർമ്മാണത്തിലുണ്ടായിരുന്ന തടസങ്ങൾ പൂർണ്ണമായി പരിഹരിച്ചതായി വ്യവസായ വകുപ്പു മന്ത്രി പി രാജീവ്. 588.11 കോടി രൂപ പദ്ധതിക്കായി ആർബിഡിസിക്ക് കൈമാറി. സീപോ൪ട്ട്-എയ൪പോ൪ട്ട് റോഡ് എൻ എ ഡി - മഹിളാലയം ഭാഗത്തിൻ്റെ നിർമ്മാണത്തിനുള്ള 19(1) വിജ്ഞാപനം ഉടനുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരത്തു ചേർന്ന മന്ത്രിതല യോഗത്തിന്‍റെ നിർദ്ദേശപ്രകാരം കിഫ്ബി അനുവദിച്ച 569.34 കോടി രൂപ നോഡൽ ഏജൻസിയായ ആർബിഡിസികെ റവന്യു വകുപ്പിന് കൈമാറി. വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടികൾ ഉടനെ ആരംഭിക്കും. സ്ഥലമുടമകളുടെ ഹിയറിംഗിനുള്ള നടപടികളും സമയബന്ധിതമായി പൂർത്തിയാക്കും. ഈ സർക്കാർ ചുമതലയേറ്റ ശേഷം ജില്ലയിൽ പൂർത്തിയാക്കേണ്ട ഫ്ളാഗ്ഷിപ്പ് പദ്ധതികളിൽ ഒന്നായി സീപോർട്ട് എയർപോർട്ട് റോഡിൻ്റെ രണ്ടാം ഘട്ടം ഉൾപ്പെടുത്തിയതോടെയാണു നടപടികൾക്കു വേഗം വച്ചത്. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട തടസങ്ങൾ പരിഹരിച്ചാണ് റോഡിൻ്റെ തുടർ നിർമ്മാണത്തിന് വഴിയൊരുങ്ങിയിരിക്കുന്നത്. 

എച്ച്എംടിയുടേയും എൻഎഡിയുടേയും ഭൂമി പദ്ധതിക്കു ലഭ്യമാക്കുന്നതിനായി വലിയ പ്രയത്നം വേണ്ടി വന്നു. തടസങ്ങൾ പരിഹരിച്ചതിനെത്തുടർന്ന് എച്ച് എം ടിയുടെ ഭൂമി ലഭിക്കുന്നതിനായി കെട്ടിവെയ്ക്കേണ്ട 18,77,27000 രൂപ (18 കോടി എഴുപത്തിയേഴ് ലക്ഷത്തി ഇരുപത്തിയേഴായിരം) സ൪ക്കാ൪ നവംബർ 22 ന് അനുവദിച്ചു. രണ്ടാം ഘട്ട നി൪മ്മാണത്തിനായി എച്ച് എം ടിയുടെ 1.6352 ഹെക്ട൪ (404 സെന്റ്) ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. റോഡ് വികസനത്തിനായി തുക കെട്ടിവെച്ച് ഭൂമി വിട്ടുനൽകണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. എൻഎഡി യുടെ ഭൂമി ലഭിക്കുന്നതിനുള്ള 23 കോടി രൂപയും ഉടൻ അനുവദിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

രണ്ടുഘട്ടങ്ങളിലായി നടപ്പാക്കുന്ന 25.8 കിലോമീറ്റർ സീ പോ൪ട്ട് - എയ൪പോ൪ട്ട് റോഡിന്റെ ആദ്യഘട്ടം ഇരുമ്പനം മുതൽ കളമശേരി വരെയും (11.3 കിമി) രണ്ടാംഘട്ടം കളമശേരി എച്ച് എം ടി റോഡ് മുതൽ എയ൪പോ൪ട്ട് (14.4 കിമി) വരെയുമാണ്. ഇതിൽ ആദ്യഘട്ടം 2019 ൽ പൂ൪ത്തീകരിച്ചു. അവശേഷിക്കുന്ന 14.4 കിലോമീറ്ററിന്റെ നി൪മ്മാണം നാല് സ്ട്രെച്ചുകളായാണ് നടപ്പാക്കുന്നത്. എച്ച് എം ടി മുതൽ എ൯ എ ഡി വരെയുള്ള ഭാഗം (2.7 കിമി), എ൯ എ ഡി മുതൽ മഹിളാലയം വരെയുള്ള ഭാഗം (6.5 കിമി), മഹിളാലയം മുതൽ ചൊവ്വര വരെ (1.015 കിമി), ചൊവ്വര മുതൽ എയ൪പോ൪ട്ട് റോഡ് വരെ (4.5 കിമി). 

ഈ റീച്ചിൽ എച്ച് എം ടിയുടെയും എ൯ എ ഡിയുടെയും ഉടമസ്ഥതയിലുള്ള സ്ഥലമൊഴികെയുള്ള 1.9 കിലോമീറ്റ൪ റോഡിന്റെ നി൪മ്മാണം 2021 ൽ പൂ൪ത്തിയായി. എച്ച് എം ടി ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കുന്നതിന് ഭൂമിയുടെ വിപണി വില എച്ച് എം ടി ആവശ്യപ്പെട്ടു . ഭൂമി സംസ്ഥാന സ൪ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ഹൈക്കോടതി ഉത്തരവിനെതിരേ എച്ച് എം ടി സമ൪പ്പിച്ച അപ്പീലിന്മേൽ നിശ്ചിത തുക കെട്ടിവെച്ചു ഭൂമി വിട്ടുനൽകാ൯ സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു. വ്യവസായ മന്ത്രി തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത മന്ത്രി തല യോഗമുൾപ്പെടെ നിരന്തരം നടത്തിയ ഇടപെടലിനെത്തുടർന്നാണു കുരുക്കഴിഞ്ഞത്. നി൪മ്മാണച്ചുമതല ഏറ്റെടുത്തിട്ടുള്ള റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോ൪പ്പറേഷന്  (ആ൪ബിഡിസികെ) തുക കെട്ടിവെച്ചു നി൪മ്മാണ പ്രവ൪ത്തനങ്ങൾ തുടങ്ങാനാകും. എച്ച് എം ടിയുടെ ഭൂമി വിട്ടുനൽകണമെന്ന് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയതിനെ തുട൪ന്നാണു തുക കെട്ടിവച്ചു നി൪മ്മാണം നടത്താ൯ ആ൪ബിഡിസികെയ്ക്ക് അനുമതി നൽകിയത്. 

എ൯ എ ഡിയിൽ നിന്ന് 21434 സ്ക്വയ൪ മീറ്റ൪ (529.6 സെന്റ്) ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. കഴിഞ്ഞ മാ൪ച്ചിൽ ഭൂമി അനുവദിച്ച് ഉത്തരവായി. ഇതിന് 23, 11,41,299 രൂപയാണു ഭൂമി വില നൽകേണ്ടത്. റോഡ് വീതികൂട്ടലിനും കോമ്പൗണ്ട് ഭിത്തി നി൪മ്മിക്കുന്നതിനും കൂടി ചേ൪ത്ത് ആകെ 32,26,93,114 രൂപയാണ് വേണ്ടത്. ഈ തുക അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വ്യവസായ മന്ത്രിയുടെ  ഇടപെടലിനെത്തുടർന്ന് 2021 സെപ്തംബറിലാണ് ഭൂമി വിട്ടു തരുന്നതിനെക്കുറിച്ച് പരിശോധിക്കുന്നതിനായി എൻഎഡി ബോർഡ് ഓഫ് ഓഫീസേഴ്സിനെ നിയോഗിച്ചത്. 2022 ഡിസംബറിൽ ബോർഡ് സ്ഥലം വിട്ടു നൽകാൻ സന്നദ്ധത അറിയിച്ചു. 2023 മെയ് മാസത്തിൽ സംയുക്ത സ്ഥലപരിശോധന നടത്തി. ദക്ഷിണ നാവിക കമാൻഡിൻ്റെ ശുപാർശയോടെ പ്രതിരോധ മന്ത്രാലയം 2024 മാർച്ച് 12 ന് റോഡ് നിർമ്മാണത്തിന് അനുമതി നൽകി. നീണ്ട 23 വർഷത്തിനു ശേഷമാണ് എൻഎഡിയുടെ ഭൂമിയിലൂടെ റോഡ് നിർമ്മാണം സാധ്യമാവുന്നതെന്നും മന്ത്രി പറഞ്ഞു.

എൻ എഡി മഹിളാലയം സ്ട്രെച്ചിന് വേണ്ടി സ്ഥലമേറ്റെടുക്കുന്നതിനു പുറമേ റോഡ് നിർമ്മാണത്തിനു വേണ്ടി വരുന്ന 102 കോടി രൂപക്ക് ഭരണാനുമതി നേരത്തെ നൽകിയിട്ടുണ്ട്. സാകേതികാനുമതി നൽകി തുക ലഭ്യമാക്കുന്നതിനുള്ള തുടർനടപടികളും വേഗത്തിലാക്കും. ഒരു കിലോമീറ്റർ റോഡ് നിർമിക്കാൻ 69 കോടി രൂപയാണു സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനു നൽകേണ്ടി വരുന്നത്. മാർച്ച്‌ 15 ഓടെ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കും. എയർപോർട്ട് വരെ അവസാന ഘട്ടം പൂർത്തിയാക്കാൻ സ്ഥലം ഏറ്റെടുക്കലിന് 210 കോടി രൂപ ചെലവഴിക്കുമെന്നു മന്ത്രി പറഞ്ഞു. കളമശ്ശേരി എച്ച് എം ടി ജംഗ്ഷനിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്കാരം പൂർണ വിജമാണെന്നും അദ്ദേഹം അറിയിച്ചു. ആർബിഡിസികെ മാനേജിങ് ഡയറക്ടർ എസ് സുഹാസ്, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

ഫോണിൽകൂടെ വിവാഹം ഉറപ്പിച്ചു, ദുബായിൽ നിന്നെത്തി പണവും നൽകി; വധു പറഞ്ഞതെല്ലാം കള്ളം, നെഞ്ചുപൊട്ടി പ്രവാസി

ബോക്സിലെ 'രഹസ്യം' അറിയാത്ത പോലെ ഭാവിച്ചു; ആശ്വാസത്തോടെ 2 പേ‍രും എയർപോർട്ടിൽ നിന്നിറങ്ങി, ഒടുവിൽ ട്വിസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിർണായക നീക്കം നടത്തിയത് അമിത് ഷാ, തിരുവനന്തപുരത്തെത്തിയപ്പോൾ സാബു ജേക്കബുമായി കൂടിക്കാഴ്ച നടത്തി; നാളെ പ്രധാനമന്ത്രിക്കൊപ്പം വേദിയിലെത്തും
ട്വന്റി 20യുടെ എൻഡിഎ പ്രവേശനം: സന്തോഷദിവസമെന്ന് രാജീവ് ചന്ദ്രശേഖർ; ജീവിതത്തിലെ ഏറ്റവും നിർണായക തീരുമാനമെന്ന് സാബു ജേക്കബ്