
തിരുവനന്തപുരം: തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിൽ കുഞ്ഞിന് ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിൽ ഏഴ് പേരെ പുറത്താക്കി. രണ്ടര വയസുകാരിയെ മുറിവേൽപ്പിച്ച മൂന്ന് പ്രതികളെയും ഒരാഴ്ചക്കാലം കുട്ടിയെ പരിചരിച്ച മറ്റ് നാല് ആയമാരെയുമാണ് പുറത്താക്കിയത്. നഖംകൊണ്ട് നുള്ളിയാണ് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിലും പിൻഭാഗത്തും മുറിവേൽപ്പിച്ചത്. സംഭവത്തിൽ അജിത, മഹേശ്വരി, സിന്ധു എന്നീ ആയമാരെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് പേരും താൽക്കാലിക ജീവനക്കാരാണ്. പുറത്താക്കപ്പെട്ട മറ്റുള്ളവരും താത്കാലിക ജീവനക്കാരാണ്.
അമ്മയുടെ മരണത്തിന് പിന്നാലെ അച്ഛനും ജീവനൊടുക്കിയതിനെ തുടർന്ന് അനാഥരാക്കപ്പെട്ട സഹോദരിമാരിൽ ഒരാൾക്കാണ് ശിശുക്ഷേമ സമിതിയിൽ ദുരനുഭവം ഉണ്ടായത്. കുഞ്ഞ് കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് ആയമാർ നുള്ളി മുറിവേൽപ്പിച്ചത്. സ്ഥിരമായി കുഞ്ഞിനെ പരിചരിച്ച ആയമാർ മൂന്ന് പേരുമല്ലാതെ നാലാമതൊരാൾ ഒരു ദിവസം കുഞ്ഞിനെ കുളിപ്പിച്ചു. ഈ സമയത്ത് രഹസ്യഭാഗത്ത് വെള്ളം വീണതോടെ നീറ്റൽ അനുഭവപ്പെട്ട് കുഞ്ഞ് കരഞ്ഞു. കുളിപ്പിച്ച ആയ കുഞ്ഞിൻ്റെ ശരീരം പരിശോധിക്കുകയും മുറിവുകൾ കണ്ടെത്തുകയുമായിരുന്നു. പിന്നാലെ വിവരം ശിശുക്ഷേമ സമിതിയിലെ ഉന്നതരെ അറിയിച്ചു. കുഞ്ഞിനെ തൈക്കാട് ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കുകയും വിവരം പൊലീസിൽ അറിയിക്കുകയും ചെയ്തു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയാണ് വിവരം പൊലീസിനെ അറിയിച്ചത്.
മ്യൂസിയം പൊലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോൾ കുഞ്ഞിനെ പരിചരിച്ച ആയമാരിൽ മൂന്ന് പേർ കുറ്റസമ്മതം നടത്തി. പിന്നാലെയായിരുന്നു അറസ്റ്റ്. ഇന്നലെയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്. പൊലീസ് വിശദമായ പരിശോധനയും മൊഴിയെടുപ്പും നടത്തിയാണ് മൂന്ന് ആയമാരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അജിതയാണ് ജനനേന്ദ്രിയത്തിൽ നുള്ളി മുറിവേൽപ്പിച്ചത് എന്നാണ് പൊലീസ് പറയുന്നത്. മറ്റ് രണ്ട് പേരും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്. വിവരം മറച്ചുവച്ചതിനും കേസുണ്ട്. മൂന്ന് പേര്‍ക്കും എതിരെ പോക്സോ ചുമത്തി.
അമ്മ മരിച്ച് 16 ദിവസം തികയും മുൻപ് അച്ഛൻ ജീവനൊടുക്കുകയും ചെയ്തതോടെയാണ് രണ്ടര വയസ്സുകാരിയും ഒരു വയസ്സുള്ള അനിയത്തിയും ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് എത്തുന്നത്. കുട്ടി സ്ഥിരമായി കിടക്കയിൽ മൂത്രമൊഴിക്കുന്നതിനാലാണ് ഉപദ്രവിച്ചതെന്ന് അറസ്റ്റിലായവര്‍ പൊലീസിന് മൊഴി നൽകി. അറസ്റ്റിലായ മൂന്ന് പേരും കഴിഞ്ഞ അഞ്ച് വര്‍ഷമായി ശിശുക്ഷേമ സമിതിയിൽ താത്കാലിക ജീവനക്കാരാണ് . മതിയായ പരിശീലനം ലഭിച്ചവരെയാണ് ആയമാരായി നിയമിക്കുന്നതെന്നാണ് സമിതി വിശദീകരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam