
തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ എഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി. നീണ്ട പത്ത് ദിവസം വെന്‍റിലേറ്ററില്‍ മരണത്തോട് മല്ലിട്ട ശേഷമാണ് കേരളത്തിന്‍റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി കൊണ്ട് ഏഴ് വയസുകാരന്‍ മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്ത പുറത്തു വരുന്നത്.
ഇന്നലെ മുതല്‍ കുട്ടിയുടെ കുടലിന്‍റെ പ്രവര്‍ത്തനം തീരെ മോശമായിരുന്നുവെന്നും ഭക്ഷണം കൊടുക്കാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്നും കുട്ടി ചികിത്സയില്‍ കഴിഞ്ഞ കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ആര്യന്‍ മരണം വിവരം പങ്കുവച്ചു കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാവിലെയോടെ കുട്ടിയുടെ ഹൃദയമിടിപ്പ് ദുര്‍ബലമായി തുടങ്ങി. രാവിലെ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം കുട്ടിയെ സന്ദര്‍ശിച്ചു. കുട്ടി വെന്‍റിലേറ്ററില്‍ തുടരട്ടെ എന്നായിരുന്നു അവരുടേയും നിര്‍ദേശം. മണിക്കൂറുകള്‍ക്ക് ശേഷം ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മുപ്പതോടെ കുട്ടിയുടെ ഹൃദയമിടിപ്പ് നിലച്ചു പതിനൊന്ന് മുപ്പത്തഞ്ചോടെ മരണം ഔദ്യോഗികമായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
മരണവിവരം സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സംഘത്തേയും പൊലീസിനേയും അറിയിച്ചിട്ടുണ്ടെന്നും പൊലീസിന്‍റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുമെന്നും കോലഞ്ചേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. മാതാവിന്‍റെ സുഹൃത്ത് നടത്തിയ മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലയോട്ടി പൊട്ടുകയും തലച്ചോറ് പുറത്തു വരികയും ചെയ്തിരുന്നു. കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി എട്ട് ദിവസം മുന്‍പ് തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും മറ്റു അവയവങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ഡോക്ടര്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു.
കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചു വരികയായിരുന്നു. കുട്ടിയെ വെന്‍റിലേറ്ററില്‍ നിന്നും മാറ്റാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിനെ അതിജീവിക്കാന്‍ കുട്ടിക്കായില്ല. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ഷൈലജയും ആശുപത്രിയില്‍ കുട്ടിയെ സന്ദര്‍ശിച്ചിരുന്നു. കുട്ടിയുടെ ചികിത്സാ ചിലവ് സര്‍ക്കാരാണ് വഹിക്കുന്നത്.
അമ്മയുടെ സുഹൃത്തായ യുവാവിന്‍റെ ക്രൂരമര്‍ദ്ദനത്തില്‍ തലയോട്ട് പൊട്ടിയ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ മരണത്തോടെ കേസിലെ പ്രതിയായ അമ്മയുടെ സുഹൃത്തിന് നേരെ ഇനി കൊലക്കുറ്റവും ചുമത്തും. പത്ത് മാസം മുന്‍പാണ് കുട്ടിയുടെ പിതാവ് വാഹനാപകടത്തില്‍ മരിക്കുന്നത്. പിതാവിന്‍റെ ബന്ധുവായ യുവാവിനൊപ്പം ജീവിക്കാന്‍ തുടങ്ങിയ അമ്മ ഒപ്പം മക്കളേയും കൂട്ടിക്കൊണ്ടു വരികയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam