ആർഡിഒ കോടതിയിൽ നിന്ന് സ്വർണം മോഷണം പോയെന്ന് സ്ഥിരീകരിച്ച് പൊലീസും

Published : Jun 06, 2022, 08:08 AM IST
ആർഡിഒ കോടതിയിൽ നിന്ന് സ്വർണം മോഷണം പോയെന്ന് സ്ഥിരീകരിച്ച് പൊലീസും

Synopsis

ആർഡിഒ ലോക്കറിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളിൽ നിന്ന് 72 പവൻ സ്വർണവും പണവും വെള്ളിയും നഷ്ടമായെന്ന് സബ് കളക്ടറുടെ അന്വേഷണത്തിലാണ് ആദ്യം കണ്ടെത്തിയത്

തിരുവനന്തപുരം ആർഡിഒ കോടതിയിൽ നിന്നും 72 പവൻ സ്വർണം മോഷണം പോയതായി സ്ഥിരീകരിച്ച് പൊലീസിന്റെയും പരിശോധന റിപ്പോർട്ട്. സബ് കളക്ടറുടെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ് പൊലീസിന്റെയും പരിശോധന റിപ്പോർട്ട്. ഇതോടെ സ്വർണം കാണാതായത് സംബന്ധിച്ച ദുരൂഹത വർധിച്ചു.

ആർഡിഒ ലോക്കറിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളിൽ നിന്ന് 72 പവൻ സ്വർണവും പണവും വെള്ളിയും നഷ്ടമായെന്ന് സബ് കളക്ടറുടെ അന്വേഷണത്തിലാണ് ആദ്യം കണ്ടെത്തിയത്. 2010 മുതൽ 2019 വരെയുള്ള കാലയളവിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകള്‍ കാണാനില്ലെന്ന സബ് കളക്ടറുടെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. 2007 മുതലുള്ള തൊണ്ടിമുതലുകള്‍ പൊലീസ് തുറന്ന് പരിശോധിച്ചു. രജിസ്റ്ററും തൊണ്ടിമുതലും താരതമ്യം ചെയ്തായിരുന്നു നാലു ദിവസം നീണ്ട പരിശോധന. 2007 മുതലുള്ള രജിസ്റ്റർ പ്രകാരം 500 ഓളം പവൻ സ്വർണം ലോക്കറിലെത്തിയിട്ടുണ്ട്. ഇതിൽ 72 പവൻ കാണാനില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

സബ് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്ന കാലഘട്ടത്തിലെത്തിയ തൊണ്ടികളാണ് കാണായത്. 2007വരെ ആർഡിഒ ലോക്കറിലെത്തിയ തൊണ്ടിമുതലുകള്‍ ഓഡിറ്റ് ചെയ്ത് ട്രഷറിലേക്ക് മാറ്റിയിരുന്നു. അതിനാൽ അതിനു ശേഷമുള്ള തൊണ്ടികളാണ് പരിശോധിച്ചത്. സ്വർണം കൂടാതെ വെള്ളിയും പണവും കാണാതായിട്ടുണ്ട്. സ്വർണം കാണാതായത് പൊലീസ് കൂടി സ്ഥിരീകരിച്ചതോടെ പല ദുരൂഹതകളാണ് വർദ്ധിക്കുന്നത്. 2017 ൽ ചുമതലയേറ്റ തൊണ്ടിമുതലുകളുടെ കസ്റ്റോഡിയനായ ഒരു സീനിയർ സൂപ്രണ്ട്, തൊണ്ടിമുതലുകള്‍ പരിശോധിച്ച ശേഷമാണ് ചുമതലയേറ്റതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 

അന്നേവരെയുള്ള തൊണ്ടിമുതലുകൾ സുരക്ഷിതമെന്നാണ് ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിരിക്കുന്നത്. 2017 മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിൽ ലോക്കറിലെത്തിയ സ്വർണം സുരക്ഷിതമായുണ്ടെന്ന് അക്കൗണ്ട് ജനറലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് സബ് കളക്ടറും പൊലീസും തൊണ്ടി നഷ്ടപ്പെട്ടതായി പറയുന്ന കാലയളവിലെ സ്വർണം സുരക്ഷിതമാണെന്നാണ് എജിയുടെയും മുൻ സീനിയർ സൂപ്രണ്ടിന്റെയും റിപ്പോർട്ടുകള്‍. 

പൊലീസ് സംശയിക്കുന്നത് മൂന്നു കാര്യങ്ങളാണ്. 2017ൽ സീനിയർ സൂപ്രണ്ട് കൃത്യമായ പരിശോധന നടത്താതെയാവാം രജിസ്റ്ററിൽ പരിശോധിച്ചതായി രേഖപ്പെടുത്തിയത്. ഓരോ തൊണ്ടിമുതലും തുറന്ന് പരിശോധിക്കാതെ എജിയുടെ ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥർ കാണിച്ച തൊണ്ടി രേഖകള്‍ അനുസരിച്ച് ഓ‍ഡിറ്റ് തയ്യാറാക്കി. അല്ലെങ്കിൽ എജിയുടെ ഓഡിറ്റിന് ശേഷം അതായത് 2021 ഫ്രെബ്രുവരിക്ക് ശേഷം തൊണ്ടി മുതലുകള്‍ മോഷ്ടിച്ചു. 2017നുശേഷമുള്ള ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. തൊണ്ടിമുതലുകള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിവച്ചതല്ല, കാണായതായി എന്നു വ്യക്തമായതോടെ ആരാണ് പ്രതിയെന്ന കാര്യത്തിൽ വൈകാതെ കണ്ടെത്തലുകളുണ്ടാകുമെന്ന് പൊലീസ് പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത