
തിരുവനന്തപുരം: സംഘം ചേർന്ന് വീടുകയറി ആക്രമണം നടത്തിയ കേസിൽ എട്ടുപേർ അറസ്റ്റിൽ. മുദാക്കൽ ചെമ്പൂരിൽ കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു അക്രമം നടന്നത്. ശ്രീരാജ് (26), സുഹൃത്തുക്കളായ ആദർശ് (21), അജിത്ത് (22) എന്നിവരെ ആക്രമിച്ച കേസിൽ വാളക്കാട് പീലിയോട്ടുകോണം സ്വദേശികളായ അനീഷ് ലാൽ, സൂരജ്, ശ്യാംലാൽ, വിഷ്ണുലാൽ, ഭദ്രൻ, സന്തോഷ്, അനന്ദു, കിരൺ എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീരാജിന്‍റെ സുഹൃത്തായ ആദർശും ഒന്നാം പ്രതിയായ അനീഷ് ലാലിന്‍റെ മകനും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
പരാതിക്കാരനും സുഹൃത്തായ അജിത്തും ആദർശിന്‍റെ പക്ഷം പിടിച്ചതാണ് പ്രതികളുടെ വിരോധത്തിന് കാരണം. തുടർന്ന് ഞായറാഴ്ച രാത്രി 8.15ഓടെ രണ്ട് ബൈക്കുകളിലായി എത്തിയ പ്രതികൾ വെട്ടുകത്തി, ചുറ്റിക തുടങ്ങിയ ആയുധങ്ങളുമായി വീടിന്‍റെ മുൻവശത്തെ ഗ്രിൽ തകർത്ത് കയറിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂവർക്കും ഗുരുതരമായി പരിക്കേറ്റു. ചുറ്റികകൊണ്ട് മുഖത്ത് അടിയേറ്റ് താഴെ വീണയാളെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു.വീട്ടിൽ ഉണ്ടായിരുന്ന ശ്രീരാജിന്‍റെ സുഹൃത്തുക്കളായ അജിത്തിനെയും ആദർശിനെയും മറ്റ് പ്രതികൾ തടഞ്ഞുവച്ച് മർദ്ദിച്ചു. ആദർശിന്‍റെ ഇടത് കാലിൽ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റതായും അജിത്തിന് തലയിൽ പരിക്കേറ്റതായും പറയുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam