ആളുമാറി നിരപരാധിയെ പ്രതിയാക്കി; പാലക്കാട് 80 കാരിയെ കോടതി കയറ്റിയിറക്കിയത് 8 തവണ, നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Published : Sep 25, 2025, 10:03 PM IST
old woman hands

Synopsis

പാലക്കാട് പോലീസ് ആളെമാറി അറസ്റ്റ് ചെയ്തതിനെ തുടർന്ന് നിരപരാധിയായ 80 കാരിക്ക് നാല് വർഷം കോടതി കയറിയിറങ്ങേണ്ടി വന്നു. 1998-ലെ ഒരു കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു അറസ്റ്റ്. 

പാലക്കാട്: കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെന്ന് തെറ്റിദ്ധരിച്ച് നിരപരാധിയായ വയോധികയെ അറസ്റ്റ് ചെയ്ത് കോടതി കയറ്റിയിറക്കിയ സംഭവത്തിൽ ഗുരുതരമായ കൃത്യവിലോപം നടത്തിയ പൊലീസുദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.“കുറ്റം എന്താണെന്നറിയാതെ 80 കാരി കോടതി കയറിയിറങ്ങിയത് നാലു വർഷം” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. പാലക്കാട് ജില്ലാ പൊലീസ് മേധാവിയിൽ നിന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങി.

സംഭവിച്ചതിങ്ങനെ…

1998 ഓഗസ്റ്റ് 16 ന് നടന്ന സംഭവമാണ് 80 കാരിയെ കോടതി കയറ്റിയിറക്കിയത്. രാജഗോപാൽ എന്നയാളുടെ അച്ഛന്റെ വീട്ടിൽ ജോലിക്ക് നിന്ന ഭാരതി എന്ന സ്ത്രീയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെ തുടർന്ന് അസഭ്യം പറയുകയും വീട്ടിലെ സാധനങ്ങൾ കേടുവരുത്തുകയും ചെയ്തു. ഈ സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പോലീസ് ക്രൈം 496/1998 നമ്പറായി കേസെടുത്ത് 1998 ഓഗസ്റ്റ് 17 ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി ജാമ്യം അനുവദിച്ചശേഷം പ്രതി മുങ്ങി. തുടർന്ന് പ്രതിക്കെതിരെ ലോങ്ങ് പെൻഡിംഗ് വാറണ്ട് കോടതി പുറത്തിറക്കിയിരുന്നു.

തുടർന്ന് പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. മേലുദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം 2019 സെപ്റ്റംബർ 24 ന് ആലത്തൂർ വടക്കേത്തറ സ്വദേശിനി പാർവ്വതി എം. ഭാരതി എന്ന വയോധികയെ യഥാർത്ഥ പ്രതിയെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു. പിറ്റേന്ന് കോടതിയിൽ ഹാജരാക്കി ജാമ്യമെടുപ്പിക്കാം എന്ന ഉറപ്പിൽ പാർവ്വതി എം. ഭാരതിയുടെ ബന്ധുക്കൾ അറസ്റ്റ് തടഞ്ഞു. താൻ ഒരു കേസിലും പ്രതിയായിട്ടില്ലെന്നും വീട്ടുജോലിക്ക് നിന്നിട്ടില്ലെന്നും രാമായണം വായിച്ച് സമാധാനത്തോടെ കഴിയുകയാണെന്നും പറഞ്ഞിട്ടും പൊലീസുകാരൻ വിശ്വസിച്ചില്ല.

2019 സെപ്റ്റംബർ 25 ന് പാലക്കാട് ജെ.എം.സി.എം കോടതി III ൽ ഹാജരായി 10,000 രൂപയുടെ ജാമ്യത്തിലും 10 00,00 രൂപയുടെ രണ്ട് ആൾ ജാമ്യത്തിലും പാർവ്വതി എം. ഭാരതിക്ക് കോടതി ജാമ്യം അനുവദിച്ചു. തന്റെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്താൻ ഇവർ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഇവരുടെ ബന്ധു, വാദിയായ തിരുനെല്ലായി സ്വദേശിയായ രാജഗോപാലിനെ കണ്ട് പരാതി പിൻവലിപ്പിച്ചതോടെ പാർവ്വതി എം. ഭാരതിയെ കോടതി വെറുതെവിട്ടു. 4 വർഷത്തിൽ 8 തവണയാണ് ഇവർ കോടതി കയറിയിറങ്ങിയത്.

പാലക്കാട് ടൗൺ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർ യഥാർത്ഥ പ്രതിയുടെ വിലാസം ശരിയായ രീതിയിൽ പരിശോധിച്ചിരുന്നെങ്കിൽ ഇത്തരം ഒരു അബദ്ധം സംഭവിക്കുകയില്ലായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. പ്രതിയുടെ മേൽവിലാസം പരിശോധിക്കാതെയാണ് കോടതിയിൽ കുറ്റപത്രം നൽകിയത്. വയോധികയുടെ അന്തസിന് ഇടിവ് സംഭവിക്കാനും ജീവിതത്തിൽ വലിയ ആഘാതം സൃഷ്ടിക്കാനും ഈ സംഭവം ഇടയാക്കിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ടിൽ പറഞ്ഞു. സംഭവത്തിൽ ഉത്തരവാദികളായ പൊലീസുദ്യോഗസ്ഥർക്കെതിരെ വാച്യാ അന്വേഷണം ഉത്തരവായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞു. രണ്ടുദ്യോഗസ്ഥർ വിരമിച്ചതിനാൽ ഇവരുടെ പേരിൽ അച്ചടക്കനടപടി സ്വീകരിക്കുന്നതിനായി സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

താൻ പ്രായാധിക്യവും രോഗവും കാരണം യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും അതിനാൽ നഷ്ടപരിഹാരം ആഗ്രഹിക്കുന്നില്ലെന്നും പാർവ്വതി എം. ഭാരതിയും സഹോദരൻ കൊച്ചുകൃഷ്ണനും കമ്മീഷനെ അറിയിച്ചു. വയോധികക്ക് മനുഷ്യാവകാശ ലംഘനം സംഭവിച്ചതായി ജസ്റ്റിസ് അലക്സാണ്ടർ തോമസ് വിലയിരുത്തി. ഇരയ്ക്ക് നഷ്ടപരിഹാരത്തിൽ താത്പര്യമില്ലെന്ന് അറിയിച്ച സാഹചര്യത്തിൽ കമ്മീഷൻ അതിലേക്ക് കടന്നില്ല. എന്നാൽ ഗുരുതരമായ ക്യത്യവിലോപം സംഭവിച്ചിട്ടുണ്ടെന്ന് കമ്മീഷൻ കണ്ടെത്തി. ഉത്തരവിന്റെ പകർപ്പ് സംസ്ഥാന പൊലീസ് മേധാവിക്കും കൈമാറിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആദ്യ ചർച്ചയിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാതെ ലീഗ്; മണ്ഡലങ്ങൾ വച്ചുമാറും, ചർച്ച തുടങ്ങി യുഡിഎഫ്
പാത്രം കഴുകൽ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു; 'ശ്വാന വീരന്മാർ കുരച്ചു കൊള്ളുക, സാർത്ഥവാഹകസംഘം മുന്നോട്ടു പോകുക തന്നെ ചെയ്യും'