
തിരുവനന്തപുരം: വാക്സിനേഷനിൽ (vaccination) കേരളം മുന്നേറിയതിന്റെ പ്രതിഫലനവുമായി സെറോ സർവ്വേ ഫലം (sero survey). സംസ്ഥാനത്തെ 18 വയസ്സിന് മുകളിലുള്ളവരിൽ 82 ശതമാനം പേരിലും ആന്റിബോഡി (covid antibody) സാന്നിധ്യമുണ്ടെന്നാണ് വിവരം. വാക്സിനേഷൻ സ്വീകരിക്കാത്ത 18 വയസ്സിന് താഴെയുള്ളവരിൽ 40 ശതമാനം പേർക്ക് മാത്രമേ ഇപ്പോഴും രോഗം വന്നുപോയിട്ടുള്ളൂ. അതിനിടെ വാക്സിനെടുത്തവരിലെ പാർശ്വഫലങ്ങൾ പഠിക്കാൻ സംസ്ഥാനം നടപടി തുടങ്ങി.
സെറോ സർവ്വേയുടെ ഭാഗമായി സംസ്ഥാനത്തെ 30,000 പേരിൽ നിന്നെടുത്ത സാപിളുകൾ പരിശോധിച്ചപ്പോൾ 82 ശതമാനത്തിലധികമാണ് പ്രതിരോധ ആന്റിബോഡിയെന്നാണ് വിവരം. മേയ് മാസത്തിൽ ഐ.സി.എം.ആർ നടത്തിയ പഠനത്തിൽ ഇത് 42.7 ശതമാനമായിരുന്നു. 92.8 ശതമാനമാണ് സംസ്ഥാനത്ത് ഇപ്പോൾ വാക്സിനേഷൻ ആദ്യഡോസ് നിരക്ക്. ഇരട്ടിയോളമുള്ള വർധനവിന് രണ്ടാംതരംഗവും മുന്നേറിയ വാക്സിനേഷനും കാരണമായെന്നർത്ഥം. എന്നാൽ കുട്ടികളിലെ ആന്റിബോഡി നിരക്ക് 40 ശതമാനമാണ്. ഇവരിലേക്ക് വാക്സിനെത്തിയിട്ടില്ലാത്തതിനാൽ ഇത് രോഗം വന്നു പോയതിലൂടെ മാത്രം ഉണ്ടായതാണ്. കുട്ടികളിലേക്ക് കാര്യമായി വ്യാപനം ഇപ്പോഴുമുണ്ടായിട്ടില്ല എന്ന് സ്കൂൾ തുറക്കുമ്പോൾ പ്രധാനമാണ്.
ഗർഭിണികൾ, തീരദേശ, ഗ്രാമീണ, നഗരമേഖലകൾ, ആദിവാസി വിഭാഗങ്ങൾ ഇങ്ങനെ തരംതിരിച്ച് സൂക്ഷമമായ വിശകലനം സെറോ സർവ്വേ റിപ്പോർട്ടിൽ നടക്കുകയാണ്. അതിനിടെ, വാക്സിനെടുത്തവരിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പാർശ്വഫലങ്ങൾ പഠിക്കുകയാമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തെയും ഇത് അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam