സ്ത്രീകൾക്കുള്ള പെൻഷനായി ഇതുവരെ അപേക്ഷിച്ചത് 8,52,223 പേർ; പദ്ധതി വലിയ സ്വീകാര്യത നേടിയെന്ന് മുഖ്യമന്ത്രി; ഇനിയും അപേക്ഷിക്കാൻ അവസരം

Published : Jan 03, 2026, 04:03 PM IST
pension

Synopsis

എൽഡിഎഫ് സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് കേരളത്തിൽ വലിയ സ്വീകാര്യത. 35-നും 60-നും ഇടയിൽ പ്രായമുള്ള, യോഗ്യരായ സ്ത്രീകൾക്കും ട്രാൻസ് വുമണിനും പ്രതിമാസം 1000 രൂപ നൽകുന്ന ഈ പദ്ധതിയിലേക്ക് ഇതിനകം 8.5 ലക്ഷത്തിലധികം പേർ അപേക്ഷിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്താനായി എൽഡിഎഫ് സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പദ്ധതി വലിയ സ്വീകാര്യത നേടി മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ചെറിയ കാലയളവിനുള്ളിൽ സ്ത്രീ സുരക്ഷാ പദ്ധതിയിലേക്ക് 8,52,223 പേർ അപേക്ഷിച്ചുവെന്നത് സർക്കാർ ഇടപെടലിന് ലഭിച്ച സ്വീകാര്യതയുടെ വൈപുല്യം വെളിവാക്കുന്നു. 35നും 60നും ഇടയിൽ പ്രായമുള്ള, യാതൊരു ക്ഷേമ പെൻഷൻ പദ്ധതിയിലും ഉൾപ്പെട്ടിട്ടില്ലാത്ത, അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നിവയിൽ ഉൾപ്പെടുന്ന സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും പ്രതിമാസം 1000 രൂപ ലഭ്യമാക്കുന്ന പദ്ധതിയാണിത്.

ഇക്കഴിഞ്ഞ ഡിസംബർ 22 മുതലാണ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങിയത്. ഇനിയും അപേക്ഷിക്കാൻ സാധിക്കാത്തവർ അപേക്ഷകൾ https://ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് സമർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളത്തിലെ സ്ത്രീകൾക്ക് സാമ്പത്തിക സ്വയംപര്യാപ്‌തത കൈവരിക്കാനും ആത്മാഭിമാനത്തോടെ മുന്നേറാനുമുള്ള പ്രധാന ചാലകശക്തിയായി സ്ത്രീ സുരക്ഷാ പദ്ധതി മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ

കേരളത്തിൽ സ്ഥിരതാമസക്കാരായ, 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ഇപിഎഫ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷ സമർപ്പിക്കുന്നവർ പ്രായം തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഇവ ലഭ്യമല്ലാത്തവർക്ക് മെഡിക്കൽ ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐഎഫ്എസ്‌സി കോഡ്, ആധാർ വിവരങ്ങൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉൾപ്പെടുത്തണം. ആനുകൂല്യം ലഭിക്കുന്നവർ എല്ലാ വർഷവും ആധാർ അധിഷ്ഠിതമായി വാർഷിക മസ്റ്ററിങ് നടത്തണം. ഗുണഭോക്താവ് മരണപ്പെട്ടാൽ ആനുകൂല്യം അവകാശികൾക്ക് കൈമാറാൻ വ്യവസ്ഥയില്ല. ഗുണഭോക്താവ് ഒരു മാസമോ അതിൽ അധികമോ ജയിൽ ശിക്ഷ അനുഭവിക്കുകയോ റിമാൻഡ് ചെയ്യപ്പെടുകയോ ചെയ്താൽ ആ കാലയളവിലെ ധനസഹായം ലഭിക്കില്ല. തെറ്റായ വിവരങ്ങൾ നൽകി ആനുകൂല്യം കൈപ്പറ്റുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 18% പലിശ സഹിതം തുക തിരിച്ചുപിടിക്കുമെന്നും പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തലസ്ഥാന വിജയം ആഘോഷിക്കാൻ മോദിയെത്തും മുന്നെ ഷാ എത്തും, ആദ്യ പ്രഖ്യാപനം പ്രധാനമന്ത്രി എത്തുന്ന തിയതി; മേയർ രാജേഷടക്കം ജയിച്ചവരെയെല്ലാം നേരിൽ കാണും
ഹസ്നയുടെ മരണം; യുവതിയുടെ ശബ്ദ സന്ദേശം പുറത്ത്, 'ലഹരി ഇടപാട് പുറത്ത് പറയും, കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങും'