കൊടി സുനിയുടെയും ഷിബുവിന്റെയും വിവരങ്ങൾ പുറത്ത് വിടുമെന്നും കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങുമെന്നും യുവതിയുടെ ഓഡിയോയിലുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ഹസ്നയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട്: കോഴിക്കോട് കൈതപ്പൊയിലിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ ശബ്ദ സന്ദേശം പുറത്ത്. ഹസ്നയുടെ കൂടെ താമസിച്ചിരുന്ന ആദിലിന് അയച്ച ഓഡിയോ ആണ് പുറത്ത് വന്നത്. ലഹരി ഇടപാട് പുറത്ത് പറയുമെന്ന് യുവതി ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. കൊടി സുനിയുടെയും ഷിബുവിന്റെയും വിവരങ്ങൾ പുറത്ത് വിടുമെന്നും കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങുമെന്നും യുവതിയുടെ ഓഡിയോയിലുണ്ട്. ഹസ്ന രണ്ട് മാസം മുൻപ് ആദിലിന് അയച്ച ഓഡിയോ ആണ് പുറത്ത് വന്നത്. കഴിഞ്ഞ ആഴ്ചയാണ് ഹസ്നയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
കൈതപ്പൊയിലിലെ അപ്പാര്‍ട്ട്‌മെന്‍റിലാണ് കാക്കൂര്‍ സ്വദേശിയായ ഹസ്നയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ഇവര്‍ വേനക്കാവ് സ്വദേശിയായ യുവാവിനൊപ്പമായിരുന്നു അഞ്ച് മാസത്തിലേറെയായി കഴിഞ്ഞിരുന്നത്. ഹസ്നയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഹസ്നക്കൊപ്പം താമസിച്ചിരുന്ന യുവാവ് ക്രിമിനല്‍ സ്വഭാവമുള്ളയാളായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. സ്വന്തം വീട്ടിലേക്ക് മടങ്ങുമെന്ന് അമ്മയെ വിളിച്ചറിയിച്ചതിന് പിന്നാലെയാണ് ഹസ്നയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഹസ്നയുടേത് തൂങ്ങിമരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ മുറിവോ ചതവോ ഇല്ല. ഹസ്നയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിനാണ് താമരശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)



