കേരളത്തില്‍ 88 ഹോട്ട്‌സ്‌പോട്ടുകള്‍; കര്‍ശന നിയന്ത്രണമെന്ന് സര്‍ക്കാര്‍, ഇളവില്ലെന്ന് ഡിജിപിയും

By Web TeamFirst Published Apr 19, 2020, 11:05 PM IST
Highlights

ഓറഞ്ച് എ വിഭാഗത്തിലെ ജില്ലകളില്‍ 24 മുതലും ഓറഞ്ച് ബി ജില്ലകളില്‍ 20 മുതലും നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കും. റെഡ് കാറ്റഗറി ജില്ലകളില്‍ ലോക്ക്ഡൗണ്‍ കര്‍ശനമാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായാണ് കേരളം ഉത്തരവിറക്കിയിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറി
 

തിരുവനന്തപുരം: കേരളത്തില്‍ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് ഉണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാനത്തെ 88 കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളിലും കര്‍ശന നിയന്ത്രണം തുടരുമെന്നും യാതൊരു ഇളവുകളും ഇവിടങ്ങളില്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് ഡിജിപിയും മുന്നറിയിപ്പ് നല്‍കിയത്.

ഓറഞ്ച് എ വിഭാഗത്തിലെ ജില്ലകളില്‍ 24 മുതലും ഓറഞ്ച് ബി ജില്ലകളില്‍ 20 മുതലും നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കും. റെഡ് കാറ്റഗറി ജില്ലകളില്‍ ലോക്ക്ഡൗണ്‍ കര്‍ശനമാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായാണ് കേരളം ഉത്തരവിറക്കിയിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

മെഡിക്കല്‍ എമര്‍ജന്‍സി കേസുകള്‍ക്ക് അന്തര്‍ ജില്ലാ യാത്രാനുമതിയും നല്‍കും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ഡ്യൂട്ടിക്കെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അയല്‍ ജില്ലാ യാത്ര അനുവദിക്കും. താമസിക്കുന്ന ജില്ലയില്‍ നിന്ന് ജോലി ചെയ്യുന്ന തൊട്ടടുത്ത ജില്ലയിലേക്കും തിരിച്ചും മാത്രമായിരിക്കും ഇത്തരത്തിലുള്ള യാത്രാനുമതി.

ഗ്രീന്‍, ഓറഞ്ച്-ബി മേഖലകളില്‍ ലോക്ക്ഡൗണ്‍ ഇളവ് നാളെമുതല്‍; പക്ഷേ 88 ഹോട്ട്‌സ്‌പോട്ടുകളിലും നിയന്ത്രണം തുടരും

ഇവര്‍ക്ക് സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യാം. ജോലിക്ക് പോകുന്നവരെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം. ഡ്യൂട്ടിയിലില്ലാത്തവര്‍ ഈ ആനുകൂല്യം ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കും. അടിയന്തരസേവന വിഭാഗങ്ങള്‍, ഡ്യൂട്ടിക്കായി പോകുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ജോലിക്കെത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ എന്നിവയെ ഒറ്റ, ഇരട്ടയക്ക ക്രമീകരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ ക്ളാസ് ഒന്ന്, രണ്ട് വിഭാഗത്തിലെ 50 ശതമാനം ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കെത്തണം. ക്ളാസ് മൂന്ന്, നാല് വിഭാഗങ്ങളിലെ 33 ശതമാനം പേര്‍ ഹാജരാകണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
 

click me!