
ദില്ലി: നാഗാലാൻഡിലെ ടുഎൻസാങ് ജില്ലയിൽ വിഷമദ്യം കഴിച്ചതിനെ തുടർന്ന് 9 പേർ മരിച്ച സംഭവത്തിൽ സംസ്ഥാനത്തുടനീളം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ടുഎൻസാങ്ങിലെ സിവിൽ ആശുപത്രിയിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് നാഗാലാൻഡ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) രൂപൻ ശർമ്മയാണ് ഞായറാഴ്ച റെഡ് അലേർട്ട് പുറപ്പെടുവിച്ചത്. ദുരന്തത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണ്.
മോൺ, മൊകോക്ചുങ്, ടുഎൻസാങ്, ലോങ്ലെങ്, കിഫൈർ, ഷമാതോർ, നോക്ലാക് എന്നീ ജില്ലകളിലുള്ളവർ മദ്യം കഴിക്കരുതെന്ന് ഡിജിപി കർശന മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ വ്യക്തമാകുന്നതുവരെ മറ്റ് ജില്ലകളിലുള്ളവരും മദ്യപാനത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ഡിമാപൂർ, കൊഹിമ തുടങ്ങിയ നഗരങ്ങളിൽ കൂൾ ഡ്രിങ്ക്സ്, പാൻ ഷോപ്പുകളുടെ മറവിൽ നിയമവിരുദ്ധമായി മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന് നിയമസഭയിൽ എക്സൈസ് അഡ്വൈസർ വ്യക്തമാക്കിയിരുന്നു.
ഗുണനിലവാര പരിശോധനയില്ലാത്തതിനാൽ വ്യാജവും മായം കലർന്നതുമായ മദ്യം വിപണിയിൽ ധാരാളമായി എത്തുകയും ഇത് ചെറുപ്പക്കാരുടെ അകാല മരണത്തിന് കാരണമാവുകയും ചെയ്യുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam