
കോഴിക്കോട്: മലയാളിക്ക് ഗ്രോ വാസു എന്നാൽ വിപ്ലവത്തിന്‍റെ യൗവനമാണ്. മനുഷ്യാവകാശ പോരാട്ടങ്ങളിലൂടെ തണൽ ഒരുക്കുന്ന വാസുവേട്ടൻ, ഇപ്പോൾ ജീവിതത്തണലിന് കുടകൾ നിർമിക്കുന്ന തിരക്കിലാണ്.
സമരമൊഴിയാത്ത വിപ്ലവ ജീവിതത്തിന് 95 വയസ്സായെങ്കിലും പഴകുംതോറും മാറ്റ് കൂടുന്നതാണ് പോരാട്ട വീര്യം. സമരമായാലും സ്വയംപര്യാപ്തതയുടെ വഴിയായാലും ഗ്രോ വാസുവേട്ടന് വിശ്രമമില്ല. വാസുവേട്ടൻ കുടകളിലൂടെ തണൽ ഒരുക്കുന്ന തിരക്കിലാണ്- "ജയിലിൽ നിന്ന് തിരികെയെത്തിയപ്പോൾ എനിക്ക് ജോലി നഷ്ടപ്പെട്ടു. ആരും ജോലി തരില്ലെന്ന് മാത്രമല്ല മാർക്സിസ്റ്റുകാർ ഒറ്റപ്പെടുത്തുകയും ചെയ്തു. അങ്ങനെ സ്വന്തമായി എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചു"- ഗ്രോ വാസു പറയുന്നു.
ആദർശ രാഷ്ട്രീയം പിൻപറ്റുമ്പോൾ വിയർപ്പാണ് മൂലധനം. വാസുവേട്ടന്‍റെ തൊഴിലാളി വർഗ സിദ്ധാന്തവും അതാണ്. ഉള്ളതെല്ലാം വിറ്റു പെറുക്കി മറ്റുള്ളവരുടെ കണ്ണീരൊപ്പിയപ്പോൾ ബാക്കിയായത് കടങ്ങളാണ്. നക്സൽ കേസിലെ ജയിൽവാസത്തിന് കിട്ടിയത് അവഗണന ആയിരുന്നു. പുറത്തിറങ്ങിയപ്പോള്‍ ആളുകള്‍ക്ക് വർത്തമാനം പറയാൻ വരെ മടിയായിരുന്നുവെന്ന് ഗ്രോ വാസു പറയുന്നു. എന്നാൽ സമീപകാലത്തെ ജയിൽവാസം വാസുവേട്ടന് കുട വിൽപനയിൽ അടക്കം സഹായകരമായി. ഇപ്പോള്‍ ട്രെയിനിലും ബസിലുമൊക്കെ പോകുമ്പോള്‍ സെൽഫി എടുക്കാൻ ആളുകളുടെ തിരക്കാണ്. കുട ആവശ്യപ്പെട്ട് രാവിലെ മുതൽ വിളി വരുന്നുണ്ടെന്ന് ഗ്രോ വാസു പറയുന്നു.
കുട നിർമാണത്തിൽ വാസുവേട്ടന് സഹായം സഹോദരിയുടെ കുടുംബമാണ്. കോഴിക്കോട് പൊറ്റമ്മലിലുള്ള വാസുവേട്ടന്‍റെ കടയിൽ നിന്ന് നേരിട്ട് മാരിവിൽ കുടകൾ വാങ്ങാം. കുടയുടെ ചിഹ്നത്തിലുമുണ്ട് രാഷ്ട്രീയം. ആവശ്യക്കാർക്ക് കുട കൊറിയർ ചെയ്തും നൽകും. ഗൂഗിൾ പേ വഴി പൈസ അടച്ച് മേൽവിലാസം അയച്ചാൽ മതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam