'നയം മാറ്റിയിട്ടില്ല, എല്ലാവരേയും ഉൾക്കൊള്ളുന്നതാണ് പത്രത്തിൻ്റെ നയം'; വിവാദങ്ങളിൽ പ്രതികരിച്ച് സുപ്രഭാതം

Published : May 23, 2024, 08:31 AM ISTUpdated : May 23, 2024, 08:38 AM IST
'നയം മാറ്റിയിട്ടില്ല, എല്ലാവരേയും ഉൾക്കൊള്ളുന്നതാണ് പത്രത്തിൻ്റെ നയം'; വിവാദങ്ങളിൽ പ്രതികരിച്ച് സുപ്രഭാതം

Synopsis

വാര്‍ത്തകളിലും പരസ്യങ്ങളിലും എല്ലാ വിഭാഗക്കാരെയും ഉള്‍ക്കൊള്ളുന്നതാണ് പത്രത്തിന്റെ നയം. അതിന്റ ഭാഗമായാണ് ഇടതുമുന്നണിയുടെ പരസ്യം കൊടുത്തതെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു. സമസ്ത നേതാക്കളേയും സുപ്രഭാതം പത്രത്തേയും ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി വിമർശിച്ചിരുന്നു. 

കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി ഉയർത്തിയ വിമർശനങ്ങളെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് സുപ്രഭാതം സിഇഒ മുസ്തഫ മുണ്ടുപാറ. സുപ്രഭാതം പത്രത്തിന്റെ നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മുസ്തഫ മുണ്ടുപാറ പറഞ്ഞു. വാര്‍ത്തകളിലും പരസ്യങ്ങളിലും എല്ലാ വിഭാഗക്കാരെയും ഉള്‍ക്കൊള്ളുന്നതാണ് പത്രത്തിന്റെ നയം. അതിന്റ ഭാഗമായാണ് ഇടതുമുന്നണിയുടെ പരസ്യം കൊടുത്തതെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു. സമസ്ത നേതാക്കളേയും സുപ്രഭാതം പത്രത്തേയും ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി വിമർശിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് മുസ്തഫ മുണ്ടുപാറ രംഗത്തെത്തിയത്. 

പത്രത്തിന്റെ ലോഞ്ചിങ് തിയതി നിശ്ചയിച്ചത് ലീഗ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ്. സാദിഖലി തങ്ങള്‍, കുഞ്ഞാലിക്കുട്ടി എന്നിവരില്‍ നിന്നും തിയതി ഉറപ്പിച്ച ശേഷമാണ് പരിപാടി നിശ്ചയിച്ചത്. ഇതിന് ശേഷമാണ് മറ്റ് അതിഥികളെ ക്ഷണിച്ചത്. യുഎഇ ലോഞ്ചിങുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും മുസ്തഫ മുണ്ടുപാറ വിശദീകരിച്ചു. 

അതേസമയം, സമസ്ത നേതാക്കളേയും സുപ്രഭാതം പത്രത്തേയും വിമര്‍ശിച്ച ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വിയോട് വിശദീകരണം ചോദിച്ച നടപടിയില്‍ സമസ്തയിലെ ലീഗ് അനുകൂല നേതാക്കള്‍ കടുത്ത അതൃപ്തിയിലാണെന്നാണ് വിവരം. ലീഗിനെ പലവട്ടം പരസ്യമായി വിമര്‍ശിച്ച ഉമര്‍ഫൈസി മുക്കത്തെ തള്ളിപ്പറയാന്‍ പോലും തയ്യാറാകാത്ത സമസ്ത നേതൃത്വം നദ്‌വിയോട് വിശദീകരണം ചോദിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. സംഭവത്തില്‍ മുസ്ലീം ലീഗ് നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നദ്‌വിയോട് സമസ്ത നേതൃത്വം ആവശ്യപ്പെട്ടിരുക്കുന്നത്. 

സമസ്തയെയും മുഖപത്രത്തെയും അപകീർത്തിപ്പെടുത്തി എന്നാണ് നദ്‌വിക്കെതിരായ ആരോപണം. സമസ്തയിലെ ഭിന്നിപ്പ് ഇതോടെ പരസ്യമായെന്ന് മാത്രമല്ല, ലീഗ് അനുകൂല ചേരിയും ലീഗ് വിരുദ്ധ ചേരിയും പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്. സർക്കാരിന്റെയും സിപിഎമ്മിന്റെയും പിന്തുണ ലീഗ് വിരുദ്ധ ചേരിക്കും അതിനെ നയിക്കുന്ന സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കുമുണ്ട്. ഭിന്നിപ്പ്  തുടർന്നാൽ പിളർപ്പിലേക്കും പരസ്യമായ ഏറ്റമുട്ടലിലേക്കും കാര്യങ്ങൾ നീങ്ങും. മഹല്ലുകളുടെ നിയന്ത്രണം പിടിക്കാൻ ഇരുവിഭാഗവും ശ്രമിക്കുമ്പോൾ അത് രാഷ്ട്രീയ പോരായും മാറാം.  

ജിഫ്രി തങ്ങളും കൂട്ടരും രണ്ടും കൽപ്പിച്ച് തന്നെയാണ് നീങ്ങുന്നതെന്ന് നദ്‌വിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസ് സൂചിപ്പിക്കുന്നത്. ആവശ്യമെങ്കിലും ലീഗുമായുള്ള ബന്ധം അവസാനിപ്പിക്കും. ഭൂരിഭാഗം നേതാക്കളം ലീഗ് വിരുദ്ധ ചേരിയിലാണെന്നാണ് ഇവർ നൽകുന്ന സൂചന. ഇതിനിടെ ലീഗ് സമസ്ത ചേരിപ്പോരിന്റെ ഭാഗമായി ഉയർന്ന മലപ്പുറം കരുവാരക്കുണ്ട് ദാറുന്നുജൂം യുപി സ്കൂളിലെ അധ്യാപകരുടെ ജോലിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ അന്വേഷണം അവസാനിപ്പിക്കാൻ സമസ്തയിലെ ലീഗ് വിരുദ്ധ ചേരി നിക്കം തുടങ്ങി. പ്രമുഖ നേതാവിന്റെ മകളും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടേക്കുമെന്ന ആശങ്കയാണ് ഇടപെടലിന് കാരണം. മുഷാവറ അംഗം ഉൾപ്പെടെ 3 നേതാക്കളാണ് ഇന്നലെ തലസ്ഥാനത്തെത്തി മുഖ്യമന്ത്രിയെ കണ്ടത്.

എറണാകുളത്ത് മഞ്ഞപ്പിത്ത ബാധിതര്‍ 232: രണ്ട് പേര്‍ അത്യാസന്ന നിലയിൽ; നിയന്ത്രണ വിധേയമെന്ന് ആരോഗ്യ വകുപ്പ്

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'