പാലിയേക്കരയില്‍ റോഡ് നിര്‍മാണ ചിലവിനേക്കാൾ തുക പിരിച്ച് ടോള്‍കമ്പനി, പക്ഷേ റോഡ് അറ്റകുറ്റപ്പണിയിൽ വട്ടപ്പൂജ്യം

By Web TeamFirst Published Aug 8, 2022, 8:47 AM IST
Highlights

പ്രതിദിനം ശരാശരി മുപ്പത് ലക്ഷം രൂപ പിരിച്ചിട്ടും റോഡ് അറ്റകുറ്റപ്പണിയില്‍ അലംഭാവം കാണിക്കുന്നത് തടയാന്‍ ടോള്‍ കരാറിലെ പ്രധാന കക്ഷിയായ സംസ്ഥാന സര്‍ക്കാര്‍ മടിക്കുന്നതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. 

തൃശൂര്‍: പാലിയേക്കരയില്‍ ടോള്‍ തുടങ്ങി പത്തു കൊല്ലം പിന്നിടുമ്പോള്‍ റോഡ് നിര്‍മാണത്തിന് ചിലവായ തുകയേക്കാള്‍ ടോള്‍ കമ്പനി  ഇതിനോടകം പിരിച്ചെടുത്തു. 721.17 കോടി രൂപയാണ് മണ്ണൂത്തി-ഇടപ്പള്ളി നാല് വരിപ്പാത നിര്‍മാണത്തിന് ആകെ ചെലവായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ 957.68 കോടി പിരിഞ്ഞു കിട്ടിയതായാണ് വിവരാവകാശ രേഖയില്‍ ദേശീയ പാതാ അതോറിറ്റി വ്യക്തമാക്കുന്നത്. അതായത് ചിലവായതിനേക്കാൾ ഏകദേശം ഇരുനൂറ് കോടിയിലേറെ തുക ടോൾ ഇനത്തിൽ പിരിച്ചെടുത്തുവെന്ന് വ്യക്തം. പ്രതിദിനം ശരാശരി മുപ്പത് ലക്ഷം രൂപ പിരിച്ചിട്ടും റോഡ് അറ്റകുറ്റപ്പണിയില്‍ അലംഭാവം കാണിക്കുന്നത് തടയാന്‍ ടോള്‍ കരാറിലെ പ്രധാന കക്ഷിയായ സംസ്ഥാന സര്‍ക്കാര്‍ മടിക്കുന്നതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. 

2012 ഫെബ്രുവരി പത്തിനായിരുന്നു തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. മണ്ണുത്തി-അങ്കമാലി ദേശീയപാതയിലെ പാലിയേക്കരയിലായിരുന്നു ടോൾ പ്ലാസ സ്ഥാപിച്ചത്. ഇതിനോടകം പല പ്രതിഷേധങ്ങൾക്കും യാത്രക്കാരുമായുള്ള തർക്കങ്ങൾക്കും പാലിയേക്കര വേദിയായിട്ടുണ്ട്.

കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ദേശീയ പാതയിലെ കുഴികൾ വീണ്ടും ചർച്ചയാകുന്നത്. കോടികൾ പിരിച്ചെടുത്തിട്ടും റോഡിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ പോലും കരാർ കമ്പനികൾ തയ്യാറാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ദേശീയ പാതയിലെ ആളെ കൊല്ലികളായ കുഴികളടക്കാൻ ഇടപെടൽ തേടി മരിച്ച ഹാഷിമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും കഴിഞ്ഞ ദിവസം പാലിയേക്കര ടോൾ പ്ലാസ ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. പൊലീസ് എത്തി പ്രതിഷേധക്കാരുമായി സംസാരിച്ച് പാലിയേക്കര മുതൽ ഇടപ്പള്ളി വരെയുളള കുഴികൾ പെട്ടന്ന് അടയ്കമെന്ന ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. കുഴിയിൽ വീണ ഹാഷിമിന്‍റെ ദേഹത്ത് പിന്നാലെ വന്ന വാഹനം കയറിയിറങ്ങിയാണ് അപകടമുണ്ടായത്. ഹോട്ടൽ ജീവനക്കാരനായ ഹാഷിമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ബന്ധപ്പെട്ടവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ഹാഷിമിന്‍റെ കുടുംബം ആവശ്യപ്പെടുന്നത്. 

 

National Highway Toll : പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടുന്നത് പരിഗണനയിലെന്ന് ടി.എന്‍. പ്രതാപന്‍ എംപി

അതിനിടെ പാലിയേക്കര, പന്നിയങ്കര ടോള്‍ ബൂത്തുകളിൽ ഒന്ന് നിര്‍ത്തലാക്കുന്ന കാര്യം പരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാർലമെന്റിൽ വ്യക്തമാക്കി. അറുപത് കിലോമീറ്ററിനുള്ളില്‍ ഒരു ടോള്‍പ്ലാസ മതിയെന്നതാണ് കേന്ദ്ര നയമെന്നും ഈ നയത്തിൻ്റെ അടിസ്ഥാനത്തിൽ പാലിയേക്കര, പന്നിയങ്കര ടോൾ ബൂത്തുകളിൽ ഒന്നിൻ്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് പരിഗണിക്കാമെന്നുമാണ് പരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയത്. അറുപത് കിലോമീറ്റര്‍ ദൂരപരിധിയിൽ പ്രവര്‍ത്തിക്കുന്ന രണ്ട് ടോള്‍ബൂത്തുകളിലൊന്നിന്‍റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്ന കാര്യം കേന്ദ്രത്തിന്‍റെ പരിഗണനയിലുണ്ടോയെന്ന ജെബി മേത്തര്‍ എംപിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. 

ഒന്‍പത് വര്‍ഷത്തിനിടെ 228 കോടി കുടിശ്ശിക; സര്‍ക്കാര്‍ കുടിശ്ശിക തീര്‍ക്കുന്നില്ലെന്ന് പാലിയേക്കര ടോള്‍ പ്ലാസ

click me!