
തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം 961 കോടി രൂപ അനുവദിച്ചു. പ്രളയത്തില്‍ തകര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനാണ് ഫണ്ട് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഫണ്ട് നല്‍കുക. ഗ്രാമപ്രദേശങ്ങളിലും പട്ടണങ്ങളിലുമായി 11,880 കിലോമീറ്റര്‍ റോഡുകള്‍ പ്രളയത്തില്‍ തകര്‍ന്നതായിട്ടാണ് കണക്കാക്കിയിട്ടുള്ളത്.
'മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി' എന്ന പേരിലാണ് റോഡ് നിര്‍മ്മാണ പദ്ധതി നടപ്പാക്കുക. നവീകരണ പ്രവൃത്തികളുടെ മേല്‍നോട്ടത്തിന് പ്രാദേശികതലത്തില്‍ സമിതി രൂപീകരിക്കും ഇതോടൊപ്പം ജില്ലാതലത്തില്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനിയര്‍മാരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതിയും രൂപീകരിക്കും.
സംസ്ഥാന വ്യവസായ സംരക്ഷണ സേനയുടെ (എസ്.ഐ.എസ്.എഫ്) വിപുലീകരണത്തിനും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി.
ഇതിനായി രണ്ടു ഘട്ടങ്ങളിലായി സുരക്ഷാ ഉദ്യോഗസ്ഥരുടെ രണ്ടായിരം തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ ആയിരം തസ്തികകള്‍ സൃഷ്ടിക്കും. ധനവകുപ്പ് മുന്നോട്ടുവെച്ച നിബന്ധനകള്‍ പ്രകാരമായിരിക്കും തസ്തികകള്‍ സൃഷ്ടിക്കുക.
സര്‍ക്കാരിനു കീഴിലുള്ള പ്രധാന സ്ഥാപനങ്ങള്‍ക്കും പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള സ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കുന്നതിനാണ് 2011-ല്‍ സംസ്ഥാന വ്യവസായ സംരക്ഷണ സേന രൂപീകരിച്ചത്. കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനാണ് സേന വിപുലീകരിക്കുന്നത്. നിലവില്‍ 979 പേരുള്ള സേനയുടെ അംഗബലം മുവായിരമായി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര വ്യവസായ സംരക്ഷണ സേനയുടെ മാതൃകയിലായിരിക്കും വിപുലീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam