'ഞങ്ങളുടെ വീട് എവിടെ?'; പി വി അന്‍വര്‍ എംഎല്‍എക്കൊപ്പം കവളപ്പാറ നിവാസികളുടെ പ്രതിഷേധം

By Web TeamFirst Published Jan 7, 2020, 12:56 PM IST
Highlights

കവളപ്പാറയ്ക്ക് വേണ്ടി റവന്യൂവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് പി വി അൻവർ എംഎൽഎ. വീട് നിർമിക്കാൻ 50,000 രൂപ മുൻകൂർ കൊടുക്കാൻ പോലും കളക്ടർ തയ്യാറാകുന്നില്ലെന്ന് എംഎൽഎ. 

മലപ്പുറം: നിലമ്പൂർ ചെമ്പൻ കൊല്ലിയിൽ പ്രളയ ബാധിതർക്ക് സ്വകാര്യ ബാങ്ക് നിർമിച്ചു നൽകുന്ന 35 വീടുകൾക്കെതിരെ കവളപ്പാറ നിവാസികളുടെ പ്രതിഷേധം. ആദ്യം കവളപ്പാറ നിവാസികൾക്ക് വീട് നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നിർമാണ പ്രവൃത്തി തടയുന്നു. കവളപ്പാറയ്ക്ക് വേണ്ടി റവന്യൂവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് എംഎൽഎ ആരോപിച്ചു.

കവളപ്പാറ ദുരന്തത്തിന്റെ ഇരകൾക്ക് വേണ്ടി റവന്യു, പട്ടികജാതി വകുപ്പുകൾ ഒന്നും ചെയ്യുന്നില്ലെന്നും ജില്ലാ കളക്ടർ സ്വന്തം നിലക്ക് കാര്യങ്ങൾ തീരുമാനിക്കുകയാണെന്നുമാണ് നിലമ്പൂർ എംഎൽഎ പി വി അൻവര്‍ ആരോപിക്കുന്നത്. വീട് നിർമിക്കാൻ മുൻകൂറായി 50000 രൂപ കൊടുക്കാൻ പോലും കളക്ടർ തയ്യാറാവുന്നില്ല. കളക്ടർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് പി വി അൻവർ. റവന്യൂ വകുപ്പും ഐടിഡിപിയും സ്ഥലം വാങ്ങുന്നതിൽ വ്യാപക അഴിമതി നടത്തിയെന്നും വിജിലൻസ് അന്വേഷിക്കണമെന്നും പി വി അൻവർ കൂട്ടിച്ചേര്‍ത്തു.

കവളപ്പാറയിൽ ദുരന്തമുണ്ടായി അഞ്ച് മാസം കഴിഞ്ഞിട്ടും 28 കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പിൽ ദുരിത ജീവിതം നയിക്കുകയാണ്. എന്നാൽ നിലമ്പൂർ ചെമ്പൻ കൊല്ലിയിൽ ജില്ലാ കളക്ടർ സ്വന്തം നിലയ്ക്ക് ഭൂമി വാങ്ങി സ്വകാര്യ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് 35 വീടുകൾ നിർമിക്കുന്ന പ്രവൃത്തി തുടങ്ങി. ഈ വീടുകൾ കവളപ്പാറ നിവാസികൾക്ക് നൽകാനാവില്ലെന്നും താൻ തീരുമാനിക്കുന്നവർക്ക് വീട് നൽകുമെന്നും കളക്ടർ പറഞ്ഞതായാണ് എംഎൽഎയുടെ ആരോപണം. മുഖ്യമന്ത്രിയും റവന്യു മന്ത്രിയും പല തവണ ഇടപെട്ടിട്ടും കളക്ടർ ഒന്നും ചെയ്യുന്നില്ലെന്നും പി വി അൻവർ ആരോപിക്കുന്നു. 

കവളപ്പാറ നിവാസികൾക്ക് ആദ്യം വീട് നിർമിച്ച് നൽകണമെന്നാവശ്യപ്പെട്ട് എംഎൽഎയുടെ നേതൃത്വത്തിൽ കവളപ്പാറ നിവാസികൾ നിർമാണ പ്രവൃത്തികൾ തടഞ്ഞു. കളക്ടർ സ്ഥലം അനുവദിക്കാൻ നടപടിയെടുക്കാത്തതിനാൽ റീ ബിൽഡ് നിലമ്പൂർ പദ്ധതി പോലും നിലച്ച അവസ്ഥയിലാണെന്നും പി വി അൻവർ പറഞ്ഞു.

click me!