നിയമസഭയിൽ ശിവൻകുട്ടിക്കെതിരെ പ്രതിഷേധിച്ചില്ല: വിഡി സതീശനെതിരെ എ-ഐ ഗ്രൂപ്പുകൾ

By Pranav PrakashFirst Published Aug 3, 2021, 9:39 PM IST
Highlights

പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ വിദ്യാഭ്യാസമന്ത്രിയായ ശിവൻകുട്ടി മറുപടി പറയുമ്പോൾ പ്രതിപക്ഷനിര ശാന്തം

തിരുവനന്തപുരം: മന്ത്രി വി.ശിവൻകുട്ടിയുടെ രാജിക്കായുള്ള പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അടിയന്തിര പ്രമേയ നോട്ടീസിൻ്റെ മറുപടിയിൽ മന്ത്രിക്കെതിരെ പ്രതിഷേധം പ്രകടിപ്പിക്കാതിരുന്ന വിഡി സതീശൻ്റെ നടപടിയിൽ കോൺഗ്രസ്സിൽ അതൃപ്തി. കൂടിയാലോചനകളില്ലാതെ സ്വന്തം നിലക്ക് തീരുമാനമെടുക്കുന്നുവെന്നാണ് വിഡി സതീശനെതിരായ എ-ഐ ഗ്രൂപ്പുകളുടെ പരാതി. അതേ സമയം ശിവൻകുട്ടിയെ ബഹിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്നായിരുന്നു സതീശൻറെ വിശദീകരണം.

നിയമസഭാ കയ്യാങ്കളിക്കേസിൽ വിചാരണ നേരിടണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ശിവൻകുട്ടിയുടെ രാജിക്കായി സഭക്ക് അകത്തും പുറത്തും യുഡിഎഫ് നടത്തിയ ശക്തമായ പ്രതിഷേധമായിരുന്നു. കഴിഞ്ഞ ദിവസം ചോദ്യോത്തര വേളയിൽ ശിവൻകുട്ടിയുടെ മറുപടിയോട് സഹകരിക്കാതെ മുദ്രാവാക്യം ഉയർത്തിയ പ്രതിപക്ഷം. സമരം ശക്തമാക്കാൻ യുഡിഎഫ് ഉടൻ ചേരാനൊരുങ്ങുന്നതിനിടെ ഇന്ന് അടിയന്തിര പ്രമേയനോട്ടീസിൽ തന്ത്രം പിഴച്ചുവെന്നാണ് കോൺഗ്രസ്സിലെ അമർഷം. 

പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ ശിവൻകുട്ടിയുടെ മറുപടിയിൽ പ്രതിപക്ഷനിര ശാന്തം. മന്ത്രിയോട് പ്രശ്നങ്ങൾ ഉന്നയിച്ചത് പ്രതിപക്ഷനേതാവ്. ആകെ ഉണ്ടായ പ്രതിഷേധം ഇറങ്ങിപ്പോക്ക് മാത്രം. നോട്ടീസ് നൽകിയ എംകെ മുനീർ നോട്ടീസ് മുഖ്യമന്ത്രിക്കാണ് നൽകിയതെന്ന് മാത്രം സൂചിപ്പിച്ച് പ്രതിഷേധമെല്ലാം ഒതുക്കി. കിട്ടിയ അവസരം നന്നായി മുതലാക്കിയ ശിവൻകുട്ടി പ്രതിപക്ഷനേതാവിനെ പുകഴ്ത്തുകയും പ്ലസ് വൺ സീറ്റ് പ്രശ്നം തീർക്കാൻ വീട്ടിലെത്തി ചർച്ച നടത്താൻ വരെ തയ്യാറാവുകയും ചെയ്തു. ലീഗിനായിരുന്നു ഇന്ന് അടിയന്തിരപ്രമേയത്തിനുള്ള അവസരം. എന്നാൽ പ്ലസ്ടു പ്രശ്നത്തിൽ രാാഷ്ട്രീയം വേണ്ടെന്ന നിലപാടിൽ സതീശനും ലീഗുമെത്തുകയായിരുന്നുവെന്നാണ് സൂചന. 

സഭയിൽ പൊതുവിഷയത്തിൽ നിലപാട് തീരുമാനിക്കുമ്പോൾ യുഡിഎഫിൽ ആകെ ആലോചന നടത്താറുണ്ട്. എന്നാൽ സഭയിലെ ഇന്നത്തെ സമീപനത്തിൽ ചർച്ച നടന്നില്ലെന്നാണ് ആക്ഷേപം. അതിനിടെ എല്ലാറ്റിനും രാഷ്ട്യീയം കാണേണ്ടെന്നാണ് -എ-ഐ ഗ്രൂപ്പുകളിൽ നിന്നും മാറി സതീശനെ പിന്തുണക്കുന്ന അംഗങ്ങളുടെ നിലപാട്. സതീശനെ അനുകൂലിച്ച യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഷാഫി പറമ്പിലിനെതിരെ സംഘടന യോഗത്തിൽ ഉയർനന്ന വിമർശനമടങ്ങിയ വാർത്ത കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ മകൻ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തതും പാർട്ടിയിൽ രൂപം കൊണ്ട അമർഷങ്ങളുടെ തുടർച്ചയായിരുന്നു. പ്രതിപക്ഷനേതാവ് തെരഞ്ഞെടുപ്പിൽ ഗ്രൂപ്പ് സമവാക്യം മറികടന്ന് സതീശനൊപ്പം നിന്നവരോട് എ-എ ഗ്രൂപ്പുകൾക്കുള്ളത് വലിയ അമർഷമാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!