ടാര്‍ ദേഹത്ത് വീണ് പൊള്ളലേറ്റ സംഭവം: ടാറിങ് തൊഴിലാളികളുടെ പരാതിയില്‍ കാര്‍ യാത്രക്കാര്‍ക്ക് എതിരെ കേസ്

By Web TeamFirst Published Aug 12, 2022, 7:18 PM IST
Highlights

റോഡ് പണിക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിലാണ് കേസ്. കാർ യാത്രക്കാര്‍ റോഡ് പണിക്കാരെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു.

കൊച്ചി: ചിലവന്നൂരിൽ കാർ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ വീണ് പൊള്ളലേറ്റ സംഭവത്തിൽ തൊഴിലാളികള്‍ക്ക് പിന്നാലെ കാര്‍ യാത്രക്കാര്‍ക്ക് എതിരെയും കേസ്. കാര്‍ യാത്രക്കാര്‍ ടാറിംഗ് തൊഴിലാളികളെ മര്‍ദ്ദിക്കുന്ന സി സി ടി വി ദൃശ്യം പുറത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. റോഡ് പണിക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിലാണ് കേസ്. കാര്‍ യാത്രക്കാരുടെ പരാതിയില്‍ ടാറിംഗ് തൊഴിലാളിയായ കൃഷ്ണപ്പനെ കൊച്ചി സൗത്ത് പൊലീസ് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. നരഹത്യാശ്രമം, ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ അടക്കം നാല്  വകുപ്പുകൾ ചുമത്തിയാണ് ടാറിംഗ് തൊഴിലാളിയായ  കൃഷ്ണപ്പയെ പൊലീസ് അറസ്റ്റ് ചെയ്തത്.

കാർ യാത്രക്കാരാണ് തന്നെ അസഭ്യം പറഞ്ഞതെന്നും ആദ്യം ആക്രമിച്ചതെന്നും കൃഷ്ണപ്പൻ പൊലീസിന് മൊഴി നല്‍കി. ഈ സമയത്ത്  കയ്യിലുള്ള ടാർ പാത്രം കാര്‍ യാത്രക്കാരുടെ ദേഹത്ത്  തെറിച്ച് വീഴുകയായിരുന്നുവെന്നും കൃഷ്ണപ്പൻ പൊലീസിന്  മൊഴി  നല്‍കി. ഇതിന് പിന്നാലെ കാര്‍ യാത്രക്കാരും കൃഷ്ണപ്പനും തമ്മില്‍ അടിപടിയുണ്ടാവുന്ന സിസിടിവി ദൃശ്യം പുറത്തു വന്നു. ഇത് പരിശോധിച്ച പൊലീസ് കൃഷ്ണപ്പന്‍റെ പരാതിയിലാണ് കാര്‍ യാത്രക്കാരായ വിനോദ് വര്‍ഗീസ്, സഹോദരൻ വിനു, സുഹൃത്ത് ജിജോ എന്നിവരെ പ്രതികളാക്കി കേസെടുത്തത്.

പൊള്ളലേറ്റവരുടെ  പരാതിയിൽ നാല് പേര്‍ ചേർന്നാണ് ആക്രമിച്ചതെന്ന് പറയുന്നുണ്ടെങ്കിലും പൊലീസ് അന്വേഷണത്തിൽ കൃഷ്ണപ്പക്കല്ലാതെ മറ്റ് തൊഴിലാളികൾക്ക് ആക്രമണത്തിൽ പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. കസ്റ്റഡിയിലെടുത്ത കൃഷ്ണപ്പ ഓഴികെയുള്ള ഏഴ് പേരെയും ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു. സംഭവത്തൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡില്ലാതെ പണി നടത്തുന്നത് ചോദ്യം ചെയ്തതിന് റോഡ് ടാറിംഗ് തൊഴിലാളികള്‍‍ സംഘം ചേര്‍ന്ന് ആക്രമിച്ചെന്നും തിളച്ച ടാര്‍ ദേഹത്ത് മനപൂര്‍വം  ഒഴിച്ച് പരിക്കേല്‍പ്പിച്ചെന്നുമായിരുന്നു ഇന്നലെ കാര്‍ യാത്രക്കാര്‍ പരാതിപെട്ടത്. സംഘര്‍ഷത്തിന് പിന്നാലെ ചിലവന്നൂര്‍ - വാട്ടര്‍ ലാന്‍റ് റോഡിലെ കുഴിയടക്കല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചു.

click me!