ഏഴ് സ്റ്റേഷനിലായി 17 കേസ്, 7 യുവതികളടക്കം 17 പേരും കുടുങ്ങും, സൈജുവിന്‍റെ ഫോണിലെ രഹസ്യ ഫോൾഡറിൽ 'തെളിവ്'

By Web TeamFirst Published Dec 4, 2021, 12:37 PM IST
Highlights

ചോദ്യം ചെയ്യലില്‍ പാര്‍ട്ടികള്‍ നടന്ന സ്ഥലങ്ങളെക്കുറിച്ചും പങ്കെടുത്തവരുടെ പേര് വിവരങ്ങളും സൈജു പൊലീസിന് കൈമാറിയിരുന്നു. സൈജുവിന്‍റെ ഈ കുറ്റസമ്മത മൊഴിയുടെയും വിഡോയകളുടെയും അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് പാര്‍ട്ടികള്‍ നടന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേകം കേസെടുത്തത്. 

കൊച്ചി: കൊച്ചിയില്‍ മോഡലുകളുടെ മരണക്കേസില്‍ (models death) പ്രതിയായ സൈജു തങ്കച്ചനൊപ്പം (saiju thankachan) ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്ത ഏഴ് യുവതികളടക്കം 17 പേര്‍ക്കെതിരെ മയക്കുമരുന്ന് ഉപോയഗിച്ചതിന് പൊലീസ് കേസെടുത്തു. ഏഴ് പൊലീസ് സ്റ്റേഷനുകളിലായി മൊത്തം 17 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു.  ഫോൺ സംഭാഷണങ്ങൾക്ക് പുറമെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടത് ഉൾപ്പടെ തെളിവുകൾ ലഭിച്ചുവെന്നും അന്വേഷണ ഘട്ടമായതിനാൽ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പുറത്തു വിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സൈജു തങ്കച്ചന്‍റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ നിന്ന് രാസലഹരിയും കഞ്ചാവും ഉള്‍പ്പടെ ഉപയോഗിക്കുന്നതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ചോദ്യം ചെയ്യലില്‍ പാര്‍ട്ടികള്‍ നടന്ന സ്ഥലങ്ങളെക്കുറിച്ചും പങ്കെടുത്തവരുടെ പേര് വിവരങ്ങളും സൈജു പൊലീസിന് കൈമാറിയിരുന്നു. സൈജുവിന്‍റെ ഈ കുറ്റസമ്മത മൊഴിയുടെയും വിഡോയകളുടെയും അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് പാര്‍ട്ടികള്‍ നടന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേകം കേസെടുത്തത്. ഏഴ് യുവതികളടക്കം 17 പേരുടെ വിവരങ്ങള്‍ എഫ്ഐആറിലുണ്ട്. വീഡിയോ ദൃശ്യങ്ങളില്‍ കണ്ടാലറിയാവുന്ന സുഹൃത്തുക്കളുടെ പേരിലും കേസെടുത്തിട്ടുണ്ട്.

തൃക്കാക്കര, ഇന്‍ഫോപാര്‍ത്ത്, ഫോര്‍ട്ട് കൊച്ചി, മരട്, പനങ്ങാട്, എറണാകുളം സൗത്ത്, ഇടുക്കി ആനച്ചാല്‍ സ്റ്റേഷനുകളിലായാണ് 17 കേസുകള്‍ എടുത്തിട്ടുള്ളത്. മോഡലുകള്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത നമ്പര്‍ 18 ഹോട്ടലില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സൈജു മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ കേസും ഇതിലുള്‍പ്പെടും. പ്രതികളെ ചോദ്യംചെയ്യുന്നതിനായി പൊലീസ് ബന്ധപ്പെട്ടെങ്കിലും ഭൂരിഭാഗം പേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മൂന്നുപേര്‍ മാത്രമാണ് ഇത് വരെ മൊഴി നല്‍കാനെത്തിയത്. ലഹരി ഉപയോഗിച്ചതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും സിറ്റി പൊലീസ് കമീഷണര്‍ സിഎച്ച് നാഗരാജു അറിയിച്ചു. പ്രതികള്‍ ഇനിയും ഹാജരായില്ലെങ്കില്‍ ക്രിമിനല്‍ നടപടിച്ചട്ടപ്രകാരം നോട്ടീസ് നല്‍കാനാണ് പൊലീസിന്‍റെ തീരുമാനം.

click me!